മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട കാര്‍ത്തിയുടെ മൃതദേഹം തൃശൂരില്‍ സംസ്‌കരിക്കില്ല

തൃശ്ശൂര്‍: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം തൃശൂരില്‍ സംസ്‌കരിക്കാനുള്ള അപേക്ഷ ജില്ലാ കളക്ടര്‍ അംഗീകരിച്ചില്ല.

നാട്ടില്‍ എതിര്‍പ്പുള്ളതിനാല്‍ കാര്‍ത്തിയുടെ മൃതദേഹം തൃശൂരില്‍ തന്നെ സംസ്‌കരിക്കാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ല. അതേസമയം കൊല്ലപ്പെട്ട മറ്റൊരു മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. രേഖകള്‍ പരിശോധിച്ച ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.

അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് ചെന്നൈ സ്വദേശി ശ്രീനിവാസന്റേതെന്നാണ് ബന്ധുക്കളുടെ അവകാശവാദം. രമ എന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നാണ് മറ്റൊരു സംശയം.എന്നാല്‍ ഇവരുടെ ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ല.

Top