മഞ്ഞ്’അമൂല്‍’ ബോയ്‌സ് ; മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് ട്രിബ്യൂട്ട് നല്‍കികൊണ്ട് ഡയറി ബ്രാന്‍ഡായ അമുല്‍

കേരളക്കരയും തമിഴ് സിനിമാ ലോകവും നെഞ്ചിലേറ്റിയ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് ട്രിബ്യൂട്ട് നല്‍കികൊണ്ട് ഡയറി ബ്രാന്‍ഡായ അമുല്‍ ഒരു ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. മഞ്ഞ്’അമൂല്‍’ ബോയ്‌സ് എന്ന പേരിലാണ് അമൂലിന്റെ ഡൂഡില്‍.

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ എംഎസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്സും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. കൊടൈക്കനാലിലെ ഗുണാ കേവിന് മുന്നിലെ മരത്തിന്റെ വേരുകളില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ താരങ്ങള്‍ ഇരിക്കുന്ന പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് സിഎസ്‌കെ പോസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Top