maniyanpilla raju case fans chief

സിനിമാസമരത്തിന്റെ പേരില്‍ മണിയന്‍പ്പിള്ള രാജു നടത്തിയ പ്രസ്താവന കലാപത്തിനു ആഹ്വാനം ചെയ്യുന്നതാണെന്ന് പറഞ്ഞ് പരാതി നല്‍കി. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയത്.

മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മലയാളസിനിമകളെ ഒഴിവാക്കി മറ്റ് ഭാഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ രംഗത്ത് എത്തണമെന്ന് മണിയന്‍പിള്ള പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പരാതി.

മുട്ടനാടിന്റെ ചോര കുടിക്കുന്ന ചെന്നായയുടെ പഴയ കഥയാണ് ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിന്റെ കോതമംഗലത്തു നടത്തിയ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നതെന്നും ഈ തര്‍ക്കത്തില്‍ സ്വന്തം പണം മുടക്കി സിനിമ കാണുന്ന ആസ്വാദകരോ മലയാള ഭാഷയോ കക്ഷികളല്ലെന്നും എബി പറഞ്ഞു.

മലയാള ഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവില്‍ തര്‍ക്കത്തെ തങ്ങള്‍ക്കിഷ്ടമുള്ള വിധം തിരിച്ചുവിടാനാണ് മണിയന്‍പിള്ളയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല. തര്‍ക്കം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇതിനായി ഹീനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് താരങ്ങള്‍ അവസാനിപ്പിക്കണം.

കലയെന്ന നിലയിലാണെങ്കില്‍ ഏതൊരു സിനിമയും കാണാന്‍ പ്രേക്ഷകന് അവസരമുണ്ടാകണം. മലയാള ഭാഷയെ സിനിമാ തര്‍ക്കവുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. ഭാഷയെയയും പ്രേക്ഷകരെയും തര്‍ക്കത്തില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താന്‍ തയ്യാറാകണമെന്ന് എബി ജെ. ജോസ് വ്യക്തമാക്കി.

Top