പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ഇത്തവണ പറഞ്ഞില്ല മോദിക്ക് നന്ദി; വിമര്‍ശിച്ച് ശിവസേന

മുംബൈ: പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ. ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെ വിമര്‍ശിച്ച് ശിവസേന നേതാവ് രംഗത്തെത്തിയത്. രാജ്യത്തെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലോക്ക് ഡൗണ്‍ നീട്ടാനായിരുന്നു തീരുമാനമെങ്കില്‍ ബുധനാഴ്ച തന്നെ എന്താണ് മാനദണ്ഡമെന്നുള്ളത് വിശദമാക്കി പ്രഖ്യാപിക്കാമായിരുന്നു. വൈറസിന്റെ വ്യാപനത്തിന്റെ തോത് അനുസരിച്ച് നേരത്തെ തന്നെ യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാമായിരുന്നു. രാജ്യത്തിന് ആവശ്യമായതൊന്നും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി വക്താവുമായ നവാബ് മാലിക്കും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരെ രംഗത്തെത്തി. പാവപ്പെട്ടവരെ സഹായിക്കണമെന്ന് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറയുന്നു. എന്നാല്‍, പാവങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആശ്വാസപാക്കേജ് പോലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇല്ലെന്ന് മാലിക്ക് വിമര്‍ശിച്ചു.

Top