രാജ്യത്തെ ക്രിമിനല്‍ നിയമ പരിഷ്‌കരണങ്ങളെ വിമര്‍ശിച്ച് മനീഷ് തിവാരി; മൗലികാവകാശങ്ങള്‍ക്ക് ഭീഷണി

ചണ്ഡീഗഡ്: പുതിയ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മാറ്റുമെന്ന് കോണ്‍ഗ്രസ് എംപിയും, മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി. ഇന്ത്യന്‍ ശിക്ഷാനിയമം (ഇന്ത്യന്‍ പീനല്‍ കോഡ്-ഐപിസി), ക്രിമിനല്‍ നടപടി നിയമം (ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്- സിആര്‍പിസി), ഇന്ത്യന്‍ തെളിവുനിയമം (ഇന്ത്യന്‍ എവിഡന്‍സ് ആക്ട്) എന്നീ നിയമങ്ങള്‍ ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ നിലവിലെ ക്രിമിനല്‍നിയമങ്ങള്‍ക്കുപകരമാണ്

പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനം അവതരിപ്പിച്ച സന്ദര്‍ഭത്തില്‍ത്തന്നെ നിയമങ്ങളുടെ ഘടനയേയും ആശയത്തേയും കുറിച്ചുള്ള ഭിന്നാഭിപ്രായം എല്ലാ പ്രതിപക്ഷകക്ഷി അംഗങ്ങളും സര്‍ക്കാരിനെ അറിയിച്ചതായി മനീഷ് തിവാരി പറഞ്ഞു. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മാറ്റുമെന്ന് എഎന്‍ഐയോട് പ്രതികരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥമൂല്യവും ഭരണഘടനാനിര്‍മാതാക്കള്‍ വിവക്ഷിച്ചതുമായ മൗലികസ്വാതന്ത്ര്യത്തേയും, പൗരസ്വാതന്ത്ര്യത്തേയും പുതിയ നിയമങ്ങള്‍ ധ്വംസിക്കാനിടയുണ്ടെന്ന ഭീതിയും ആശങ്കയും നിയമസമൂഹത്തിനിടയിലുണ്ട്, തിവാരി പറഞ്ഞു. പൗരരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന കാര്യങ്ങള്‍ പുതിയ നിയമങ്ങളിലുണ്ടെന്ന് പറഞ്ഞ തിവാരി, പോലീസ് കസ്റ്റഡി കാലാവധി 14 ദിവസത്തില്‍ നിന്ന് 60 ദിവസമായി ഉയര്‍ത്തുന്നതും ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഇല്ലാത്തതും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

‘ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി നിയമം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരം പുതിയനിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള ബില്‍ എന്‍ഡിഎ-ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. തുടര്‍ന്ന് നിയമങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നിയോഗിച്ചു. നിയമങ്ങളുടെ സൂക്ഷ്മപരിശോധനാവേളയില്‍ തന്നെ എല്ലാ പ്രതിപക്ഷഅംഗങ്ങളും പുതിയ മൂന്ന് നിയമങ്ങളുടേയും ഘടനയേയും ആശയത്തേയും കുറിച്ചുള്ള ഭിന്നാഭിപ്രായം വ്യക്തമാക്കിയിരുന്നു’, മനീഷ് തിവാരി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികസ്വാതന്ത്ര്യത്തെ പൂര്‍ണമായും തകിടം മറിക്കുന്നതാണ് പുതിയ നിയമങ്ങളെന്നും തിവാരി പറഞ്ഞു.

നിയമത്തിലെ ഇത്തരം പരിഷ്‌കരണത്തിലൂടെ രാജ്യത്തെ പോലീസ് സംവിധാനത്തിന് കടുത്ത അടിച്ചമര്‍ത്തല്‍ അധികാരമാണ് ലഭിക്കുന്നതെന്നും ആ അധികാരം ചോദ്യംചെയ്യലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പോലീസ് ദുരുപയോഗപ്പെടുത്താനിടയുണ്ടെന്നും തിവാരി അഭിപ്രായപ്പെട്ടു. പുതിയ നിയമങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്തപാരലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിവാരി പറഞ്ഞു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നീ പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 11-നാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്.

Top