ദില്ലി മദ്യ നയകേസിൽ ഹാജരാകാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് മനീഷ് സിസോദിയ

ദില്ലി: മദ്യ നയകേസിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ച സിസോദിയ ഒരാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. സിസോദിയയുടെ അഭ്യർത്ഥന സിബിഐ പരിഗണിക്കുകയാണ്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ആണ് ദില്ലി ഉപമുഖ്യമന്ത്രിക്ക് സിബിഐ നോട്ടീസ് നൽകിയത്. തന്നെ സിബിഐ അറസ്റ്റ് ചെയ്യും എന്ന് അറിയാം, അതുകൊണ്ടാണ് ബജറ്റ് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ചോദിച്ചതെന്ന് സിസോദിയ വ്യക്തമാക്കി.

മദ്യനയ കേസിന് പിന്നാലെ മനീഷ് സിസോദിയക്ക് മേൽ വീണ്ടും കുരുക്കു മുറുക്കി സിബിഐ. സർക്കാർ ചെലവിൽ നിയമവിരുദ്ധമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ കേസെടുക്കാനാണ് ദില്ലി ലഫ് ഗവർണറോട് അനുമതി തേടിയത്. 2015 അധികാരത്തിലെത്തിയതിന് പിന്നാലെ മനീഷ് സിസോദിയ വിജിലൻസ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സർക്കാ‌ർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി 1 മുതൽ സംഘം പ്രവർത്തനം തുടങ്ങി. വ്യക്തികൾ സ്ഥാപനങ്ങൾ വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 1 കോടി രൂപ സംഘത്തിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചു. രഹസ്യ വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ കൈമാറി. ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവിൽനിന്ന് നഷ്ടമായി. ദില്ലി പോലീസ് വിജിലൻസ് റിപ്പോട്ട് അടിസ്ഥാനമാക്കി 2 കേസുകളെടുക്കാൻ കേസെടുക്കാൻ കഴിഞ്ഞ മാസം 12നാണ് സിബിഐ ദില്ലി ലഫ് ഗവർണറോട് അനുമതി തേടിയത്. ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിർദേശം തേടിയിട്ടുണ്ട്. അതേസമയം കേന്ദ്ര ഏജൻസികൾ ഇതുവരെ തങ്ങൾക്കെതിരെയെടുത്ത 163 കേസുകളിൽ ഒന്നിന് പോലും തെളിവില്ലെന്ന് എഎപി പ്രതികരിച്ചു.

Top