മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക്; വന്‍ പൊലീസ് സന്നാഹം; നിരോധനാജ്ഞ

ഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഉപമുഖ്യമന്ത്രി മനീഷി സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ പതിനൊന്നുമണിയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ. തുറന്നവാഹനത്തിൽ വച്ച് സിസോദിയ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. അതേസമയം, സിബിഐ ആസ്ഥാനത്തിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ സ്‌നേഹവും പ്രാർഥനയും തനിക്കൊപ്പമുണ്ടെന്നും സിസോദിയ ട്വീറ്റ് ചെയ്തു. ‘ഏതാനും മാസങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നാലും എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഞാൻ ഭഗത് സിങ്ങിന്റെ അനുയായിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റിയത് രാജ്യത്തിന് വേണ്ടിയാണ്. ഇത്തരം തെറ്റായ ആരോപണങ്ങളുടെ മേൽ ജയിലിൽ പോകേണ്ടി വരുന്നത് ചെറിയ കാര്യമാണ്’- സിസോദിയ പറഞ്ഞു.

രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ലെന്നും അഭിമാനമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ‘ദൈവം കൂടെയുണ്ട് മനീഷ്, ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ല അഭിമാനമാണ്. ഡൽഹിയിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ഞങ്ങളെല്ലാവരും ജയിലിൽ നിന്നുളള നിന്റെ വരവിനായി കാത്തിരിക്കും,’ കെജരിവാൾ ട്വിറ്ററിൽ കുറിച്ചു.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.

Top