ഡല്‍ഹിയിലെ ‘ആം ആദ്മി’ കെജ്രിവാളിനൊപ്പം; പക്ഷെ വൈസ് ക്യാപ്റ്റന്റെ കസേര ഇളകും?

ല്‍ഹിയിലെ ‘ആം ആദ്മി’ അരവിന്ദ് കെജ്രിവാളിന്റെ എഎപിയ്‌ക്കൊപ്പം തന്നെയെന്ന് ഉറപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഡല്‍ഹിയുടെ ക്യാപ്റ്റനായി ഒരുവട്ടം കൂടി അരവിന്ദ് കെജ്രിവാള്‍ മുന്നേറുമ്പോള്‍ വൈസ് ക്യാപ്റ്റനായി തിളങ്ങിയ മനീഷ് സിസോദിയയ്ക്ക് സീറ്റ് കാക്കാന്‍ കഴിയാതെ പോകുമെന്ന ആശങ്കയാണ് ഉയരുന്നത്. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എഎപിയുടെ മനീഷ് സിസോദിയ ബിജെപിയുടെ രവി നേദിയേക്കാള്‍ 1576 വോട്ട് പിന്നിലാണ്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയാണ് മനീഷ് സിസോദിയ. മൂന്ന് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 1427 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു ഉപമുഖ്യന്‍. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചിലാണ് സിസോദിയ മത്സരിച്ചത്. മറ്റ് 69 മണ്ഡലങ്ങള്‍ക്കൊപ്പം ഫെബ്രുവരി 8നാണ് ഈ മണ്ഡലവും വിധിയെഴുതിയത്. 2020 ഡല്‍ഹി തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായാണ് നടന്നത്. വോട്ടിംഗ് ശതമാനം 62.59 ശതമാനമായിരുന്നു.

ഈസ്റ്റ് ഡല്‍ഹി ജില്ലയിലാണ് പത്പര്‍ഗഞ്ച് മണ്ഡലം സ്ഥിതി ചെയ്യുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ എല്ലാ പാര്‍ലമെന്റ് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും തമ്മിലാണ് നിയമസഭയില്‍ പോരാടിയത്. 2015 തെരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളില്‍ 67 സീറ്റുകളിലും വിജയിച്ചാണ് ഡല്‍ഹി ആം ആദ്മി തൂത്തുവാരിയത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടക്കുന്ന നാലാമത്തെ നിമയസഭാ തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലേത്. ആം ആദ്മി സര്‍ക്കാരിന്റെ ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ മുന്നിലുണ്ടായിരുന്ന ഉപമുഖ്യന്‍ മനീഷ് സിസോദിയയ്ക്ക് സീറ്റ് നഷ്ടമാകുമെന്നത് ആശങ്കയേക്കാള്‍ നാണക്കേടായാണ് മാറുക.

Top