കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മനീഷ് സിസോദിയ

ദില്ലി : ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സിസോദിയ ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം മുന്നിൽ കണ്ടാണ് നീക്കം നടത്തുന്നതെന്നും സിസോദിയ പറഞ്ഞു.

വരുന്ന ദിവസങ്ങളിൽ താൻ ഗുജറാത്തിൽ പ്രചാരണത്തിന് പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് തന്നെ തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. എന്റെ അറസ്റ്റിലൂടെയോ ജയിൽ വാസത്തിലൂടെയോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടയാൻ കഴിയില്ല. മെച്ചപ്പെട്ട വിദ്യാലയങ്ങൾക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികൾക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

സിബിഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. കേസിലെ ചോദ്യംചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകാനാവശ്യപ്പെട്ടാണ് സിബിഐ സിസോദിയക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിബിഐ ആസ്ഥാനത്തേക്ക് എത്തുന്നതിന് മുൻപ് സിസോദിയാ രാജ്ഘട്ടിൽ പ്രാർത്ഥന നടത്തും. അദ്ദേഹത്തിന്റെ വീടും ഓഫീസും ബാങ്ക് ലോക്കറും സിബിഐ കഴിഞ്ഞ ദിവസങ്ങളിലടക്കം പരിശോധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ രൂപീകരണത്തില്‍ വിജയ് നായരും പങ്കാളിയായിരുന്നു.

Top