രോഗബാധിതയായ ഭാര്യ കാണാനായി മനീഷ് സിസോദിയ ജയിലില്‍ നിന്ന് വീട്ടിലെത്തി

ന്യൂഡല്‍ഹി: രോഗബാധിതയായ ഭാര്യ സീമയെ കാണാനായി ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ ശനിയാഴ്ച സ്വന്തം വസതിയിലെത്തി. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഭാര്യയെ കാണാനായി സിസോദിയക്ക് ഡല്‍ഹി കോടതി വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സിസോദിയ.

പോലീസ് അകമ്പടിയോടെ ജയില്‍ വാഹനത്തിലാണ് മഥുര റോഡിലുള്ള തന്റെ വസതിയിലേക്ക് സിസോദിയ എത്തിയത്.ഓട്ടോഇമ്യൂണ്‍ ഡിസോഡര്‍ രോഗബാധിതയായ തന്റെ ഭാര്യയെ കാണാനായി അഞ്ചുദിവസത്തെ അനുമതിയായിരുന്നു സിസോദിയ തേടിയിരുന്നത്. എന്നാല്‍ ഏഴു മണിക്കൂര്‍ നേരത്തേക്ക് ഭാര്യയെ കാണാന്‍ അനുമതി നല്‍കിയ കോടതി മാധ്യമങ്ങളോട് സംവദിക്കരുതെന്നും, രാഷ്ട്രിയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കമെന്നും ഉത്തരവിട്ടു.

നേരത്തെ ജൂണില്‍ സിസോദിയക്ക് ഭാര്യയെ കാണാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാല്‍ അവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതിനാല്‍ അന്ന് കാണാന്‍ കഴിഞ്ഞിരുന്നില്ല.2021-22 ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി, കള്ളപ്പണം വെള്ളുപ്പിക്കല്‍ കേസുകളില്‍ സിബിഐയും ഇഡിയും അറസ്റ്റു ചെയ്ത സിസോദിയയ്ക്ക് ഈ രണ്ടു കേസുകളിലും ജാമ്യം നിഷേധിച്ചിരുന്നു.

Top