കലാപമൊഴിയാതെ മണിപ്പൂര്‍; അഞ്ചിടങ്ങളില്‍ സംഘര്‍ഷം, അക്രമികളെ തുരത്തിയെന്ന് സേന

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. അതിനിടെ, അസമിലും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും.

അതേസമയം പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രംഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ എന്‍ ആര്‍ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Top