മണിപ്പുർ സ്ഥിതി സ്ഫോടനാത്മകം; ഇംഫാൽ താഴ‍്‍വരയിൽ ‘ഭരണം പിടിച്ച്’ മെയ്തെയ് തീവ്രസംഘം

ണിപ്പുരിൽ ഇംഫാൽ താഴ്​വരയുടെ നിയന്ത്രണം മെയ്തെയ് തീവ്രസംഘടനയായ ‘ആരംഭായ് തെംഗോലി’ന്റെ കൈകളിലേക്ക്. ഇംഫാൽ താഴ​്​വരയിലൂടെ തുറന്ന വാഹനങ്ങളിൽ ആയുധങ്ങളുമായി പരേഡ് നടത്തുന്ന ആരംഭായ് തെംഗോലിനൊപ്പം നിരോധിത മെയ്തെയ് ഭീകരസംഘടനകളുടെ അണികളും ചേർന്നതോടെ മണിപ്പുരിൽ സ്ഥിതി സ്ഫോടനാത്മകമായി. സംസ്ഥാന സർക്കാർ വെറും കാഴ്ചക്കാരായി.

മെയ്തെയ് വിഭാഗത്തിൽപ്പെട്ട മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും ഇംഫാൽ നഗരത്തിലെ കാംഗ്ല കോട്ടയിൽ ഭീഷണിപ്പെടുത്തി എത്തിച്ച ആരംഭായ് തെംഗോൽ മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. മണിപ്പുരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം ബിജെപി സർക്കാർ ആണെന്നു പറഞ്ഞതിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ കെ.മേഘചന്ദ്രയെ മർദിച്ചു. ഇത് തടയാനെത്തിയ 2 എംഎൽഎമാർക്കും മർദനമേറ്റു.

ആരംഭായ് തെംഗോലും നിരോധിത ഭീകരസംഘടനകളും കുക്കി മേഖലകളിൽ ആക്രമണം നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ബഫർ സോണിൽ അസം റൈഫിൾസ് കൂടുതൽ സേനാവിന്യാസം നടത്തി. അക്രമത്തിനൊരുങ്ങുന്നതിന്റെ വിഡിയോ സായുധസംഘടനകൾ  സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.

Top