മണിപ്പുര്‍ കലാപം; പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

 

ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനെ പ്രധാനമന്ത്രി പുറത്താക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മണിപ്പരിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ ദയനീയ പരാജയം മറച്ചുവെക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഒരു പ്രചരണത്തിനും കഴിയില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു. കഴിഞ്ഞ 55 ദിവസമായി മോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. മണിപ്പൂരിനെക്കുറിച്ച് മോദിക്ക് ആശങ്കയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് തന്റെ മുഖ്യമന്ത്രിയെ പുറത്താക്കുകയായിരുന്നുവെന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

തീവ്രവാദ സംഘടനകളില്‍ നിന്നും സാമൂഹ്യ വിരുദ്ധരില്‍ നിന്നും മോഷ്ടിച്ച ആയുധങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍, സര്‍ക്കാര്‍ എല്ലാ കക്ഷികളുമായും സംസാരിച്ചു തുടങ്ങണമെന്നും, ഒരു പൊതു രാഷ്ട്രീയ പാത കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.

 

Top