മണിപ്പൂര്‍ കലാപം; 53 അംഗ അന്വേഷണ സംഘത്തിലേക്ക് മുപ്പത് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സിബിഐ

ഡല്‍ഹി: മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ച് സിബിഐ. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. എം.വേണുഗോപാല്‍, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥര്‍.

രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. ഇതിനിടെ തൌബല്‍ ജില്ലയിലെ യാരിപോക്കിലാണ് മൂന്ന് യുവാക്കള്‍ക്ക് വെടിയേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ നടന്ന റെയ്ഡുകളില്‍ മൂന്ന് വിഘടനവാദിസംഘങ്ങളെ അറസ്റ്റ് ചെയ്ചതു. 5 ജില്ലകളില്‍ നടന്ന പരിശോധനയില്‍ തോക്കുകളും ഗ്രേനഡും പിടികൂടി. അതേസമയം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന സീതാറാം യെച്ചൂരി ഇംഫാല്‍ ആര്‍ച്ച് ബിഷപ് ഡോമിനിക് ലുമോനെ കണ്ടു. കലാപ ബാധിത മേഖലകളായ ബിഷ്ണുപ്പൂര്‍, ചുരാചന്ദ്പ്പൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ യെച്ചൂരിയടങ്ങുന്ന സംഘം ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Top