മണിപ്പൂര്‍ ബലാത്സംഗക്കേസ്; ഇരകളുടെ മൊഴിയെടുക്കുന്നതിന് സിബിഐയ്ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ന്യൂഡല്‍ഹി: മണിപ്പൂര്‍ ബലാത്സംഗക്കേസിലെ ഇരകളുടെ മൊഴിയെടുക്കുന്നതിന് സിബിഐയെ താത്കാലിക വിലക്കി സുപ്രീം കോടതി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൊഴിയെടുക്കരുതെന്നാണ് നിര്‍ദേശം. കേസ് രണ്ട് മണിക്ക് പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഇരകളുടെ മൊഴി രേഖപ്പെടുത്താന്‍ ഇന്ന് ഉച്ചയ്ക്ക് സിബിഐ എത്തുമെന്ന് അഭിഭാഷകന്‍ നിസാം പാഷ കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ ഹാജരാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി പരിഗണിക്കുന്നതിനാല്‍, കോടതി തീരുമാനത്തിനായി കാത്തിരിക്കാനുള്ള സന്ദേശം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിര്‍ദ്ദേശിച്ചു.

മണിപ്പൂരിലെ അക്രമസംഭവങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസ് അന്വേഷിക്കാനും ഇരകളുടെ മൊഴി രേഖപ്പെടുത്താനും സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെയോ ഉന്നതതല സമിതിയെയോ നിയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, പീഡനത്തിനിരയായ സ്ത്രീകളും തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ഈ വിഷയത്തിലും സുപ്രീം കോടതിയില്‍ വാദം നടന്നിരുന്നു.

Top