ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂര്‍ സര്‍ക്കാരിന്റെ അനുമതി വൈകുന്നു

ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂര്‍ സര്‍ക്കാരിന്റെ അനുമതി വൈകുന്നു. സംസ്ഥാനത്ത് ഇപ്പോഴും സംഘര്‍ഷം കെട്ടടിങ്ങിയിട്ടില്ലാത്തതിനാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രക്ക് അനുമതി നല്‍കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് അനുമതി നല്‍കുന്നത് സജീവ പരിഗണനയിലാണ്. വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍സിംഗ് പറഞ്ഞു.

മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര രാഹുല്‍ ഗാന്ധി അവിടെ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മഹിമ സിംഗ് നേരത്തെ പറഞ്ഞിരുന്നു.നീതും കിട്ടും വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഭാരത് ജോഡോ ന്യായ് യാത്ര. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കെ സി വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായ യോഗത്തിലാണ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 14ന് മണിപ്പൂരില്‍ നിന്നും ആരംഭിക്കാനാണ് പദ്ധതി. യാത്രക്കായി മണിപ്പൂര്‍ സര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടുത്തിടെ പറഞ്ഞിരുന്നു.

Top