മണിപ്പുര്‍ സംഘര്‍ഷം; ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് ജനക്കൂട്ടം

 

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിംഗരേലില്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു. മണിപ്പൂര്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എല്‍ സുസീന്ദ്രോയുടെ ചിംഗരേലിലുള്ള സ്വകാര്യ ഗോഡൗണാണ് ഒരു സംഘം ആളുകള്‍ ശനിയാഴ്ച തീയിട്ട് നശിപ്പിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഖുറായിയിലുള്ള മന്ത്രിയുടെ വസതി ആക്രമിക്കാന്‍ ഒരു സംഘം ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഇത് തടയാനായെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണം തടയാന്‍ സുരക്ഷാ സേന അര്‍ദ്ധരാത്രി വരെ നിരവധി റൗണ്ട് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെല്‍ ഏരിയയില്‍ സംസ്ഥാന വനിതാ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതി ജൂണ്‍ 14 ന് രാത്രി അജ്ഞാതര്‍ തീയിട്ടിരുന്നു. അടുത്ത ദിവസം കേന്ദ്രമന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇതുവരെ 100-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം.

 

Top