രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി മണിപ്പുര്‍ മുഖ്യമന്ത്രി; രാജികത്ത് കീറിയെറിഞ്ഞ് അണികള്‍

ഇംഫാല്‍: മണിപ്പുരില്‍ ഗവര്‍ണറെ കാണാന്‍ എത്തിയപ്പോള്‍ അനുയായികള്‍ തടഞ്ഞതിനു പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിരേന്‍ സിങ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു.

രാജിസന്നദ്ധത അറിയിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നു വാര്‍ത്ത വന്നതോടെയാണ് അണികള്‍ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേന്‍ സിങ്ങിനെ തടഞ്ഞത്. രാജിക്കത്ത് ബലമായി പിടിച്ചുവാങ്ങി കീറിക്കളയുകയും ചെയ്തു. ഇതോടെ ഗവര്‍ണറെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചു. അതേസമയം, രാജിവയ്ക്കുന്നത് ഒഴിവാകാന്‍ ബിരേന്‍ സിങ്ങിന്റെ സമ്മര്‍ദ തന്ത്രമാണോ ഇതെന്നും സംശയമുണ്ട്.

ഇതിനിടെ, മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇംഫാലില്‍ നാളെ പുലര്‍ച്ചെ വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

എന്നാല്‍ ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുക്കി വിഭാഗം. മെയ്‌തെയ് ഗോത്രത്തിലെ ഒരു വിഭാഗത്തിനും ബിരേന്‍ സിങ്ങിനോടു താല്‍പര്യമില്ല. മണിപ്പുരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണു രാജിനീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.

Top