മണിപ്പുര്‍ സ്‌ഫോടനം; അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം

 

ഡല്‍ഹി: മണിപ്പുര്‍ സ്ഫോടനം സംബന്ധിച്ച അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറി. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ബിഷ്ണുപൂര്‍ ജില്ലയിലെ ഒരു പാലത്തില്‍ ജൂണ്‍ 21 ന് നടന്ന ഐഇഡി സ്ഫോടനമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂണ്‍ 21 ന് ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗാച്ചോ ഇഖായ് അവാങ് ലെയ്കായിക്കും ക്വാട്ടയ്ക്കും ഇടയിലുള്ള പാലത്തിലാണ് സ്ഫോടനമുണ്ടായത്. പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ഘടിപ്പിച്ച ഐഇഡി പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തെത്തുടര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ഭീകരാക്രമണമാണെന്നാണ് അധികൃതരുടെ സംശയം.

ഐപിസി 400, 121, 120-ബി, 326, 504, 506, 427 തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് എന്‍ഐഎ കേസെടുത്തിരിക്കുന്നത്. കൂടാതെ, സ്ഫോടകവസ്തു നിയമത്തിന്റെ 3, 5 വകുപ്പുകളും പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമത്തിന്റെ (1984) സെക്ഷന്‍ 4 ഉം ചുമത്തിയിട്ടുണ്ട്. വിഷയം അന്വേഷണത്തിലാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

 

 

Top