മണിപ്പൂരില്‍ അടിപതറി ബി.ജെ.പി; സര്‍ക്കാര്‍ രൂപീകരിക്കനൊരുങ്ങി കോണ്‍ഗ്രസ്

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് അടിപതറിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പാര്‍ട്ടി നേതാവും വാക്താവുമായ നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു.

മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയും ആറ് എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയതതോടെയാണ് എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നില പരുങ്ങലിലായത്.

സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് മന്ത്രിമാരുള്‍പ്പെടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ (എന്‍.പി.പി.) നാല് എം.എല്‍.എ.മാരും ഒരു തൃണമൂല്‍ എം.എല്‍.എ.യും ഒരു സ്വതന്ത്ര എം.എല്‍.എ.യുമാണ് പിന്തുണ പിന്‍വലിച്ചത്. ഇതോടെ 60 അംഗ നിയമസഭയില്‍ എന്‍.ഡി.എ സര്‍ക്കാറിനെ പിന്തുണക്കുന്ന എം.എല്‍.എമാരുടെ എണ്ണം 30 ആയി ചുരുങ്ങി. ഇതോടെ എന്‍.ഡി.എ. സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരിക്കയാണ്.

2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 28സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. ബി.ജെ.പിക്ക് 21 സീറ്റാണ് ലഭിച്ചത്. എന്നാല്‍ 21 സീറ്റ് നേടിയ ബി.ജെ.പി. നാഗാ പീപ്പീള്‍സ് പാര്‍ട്ടിയുടെയും എന്‍.പി.പി.യുടെയും എല്‍.ജെ.പി.യുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു.

Top