ഗവര്‍ണറുടെ അനുമതിയില്ല; മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഇംഫാല്‍: മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മണിപ്പൂര്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് സമ്മേളനത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് വിളിച്ചുചേര്‍ത്ത കാബിനറ്റ് യോഗമാണ് ആഗസ്ത് 21 ന് സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ അനുസൂയ യുകെയോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഗവര്‍ണര്‍ ഇതുവരേയും അനുമതി നല്‍കിയിട്ടില്ല.

നിയമസഭാ സമ്മേളനം നടക്കുകയാണെങ്കില്‍ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിക്കും. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 10 കുക്കി എംഎല്‍എമാര്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ഇതില്‍ 6 പേര്‍ ഭരണ കക്ഷിയായ ബിജെപി എംഎല്‍എമാരാണ്. ഇംഫാലില്‍ സുരക്ഷ ഇല്ല എന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു. ഈ എംഎല്‍എമാര്‍ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണ മേഖല വേണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

അതേസമയം നിയമസഭാ സമ്മേളനത്തില്‍ മണിപ്പൂരിന്റെ പ്രത്യേക അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടൊപ്പം സിപിഐ പ്രതിനിധി സംഘത്തിന്റെ 4 ദിവസം നീണ്ട് നില്‍ക്കുന്ന മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കം സംഘം സന്ദര്‍ശിക്കും.

Top