മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക്; അതിർത്തിമേഖലയിൽ വെടിവയ്പ്

ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന. ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. മെയ്ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.

അതേ സമയം, മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കാൻ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിയ്ക്ക് ഇടപെടാനാകും. അതേസമയം നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് വ്യക്തമാക്കി. പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷികവിഷയമാണെന്നും അക്കാര്യം ഓർമ്മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Top