നിയമസഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ സെപ്റ്റംബര്‍ 22ന് വിധി

തിരുവനന്തപുരം: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഈ മാസം 22 ന് വിധി പറയും. ഇടത് നേതാക്കള്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തിലാണ് വിധി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. അതേസമയം, പ്രതികളുടെ അഭിഭാഷകരുടെ വാദത്തെ വീണ്ടും പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികളുടെ വിശദീകരണം ആവശ്യമില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു.

2015 ല്‍ ആയിരുന്നു നിയമസഭയിലുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് അന്നത്തെ എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി അപേക്ഷ നല്‍കി. ഈ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ മറ്റു നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു.

കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉള്‍പ്പടെയുള്ളവ തകര്‍ന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.

Top