നിയമസഭയിലെ കയ്യാങ്കളി കേസ്; അഭിഭാഷകയെ സ്ഥലം മാറ്റി ഉത്തരവ്

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരത്തെ ഡിഡിപിയായിരുന്ന ബീനാ സതീശിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ പകരം നിയമനം നല്‍കിയിട്ടില്ല. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനാ സതീശിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.

കേസിലെ പ്രതിയായ മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ബീനയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയായിരുന്നു സ്ഥലം മാറ്റം. വിരമിക്കാന്‍ ഏഴ് മാസം മാത്രം ബാക്കിനില്‍ക്കെ, സാധാരണ കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചായിരുന്നു ബീനയ്‌ക്കെതിരായ നടപടി. ബീനയ്ക്ക് പകരം എറണാകുളത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ.

പക്ഷെ തിരുവനന്തപുരത്തേക്ക് പോകാന്‍ എറണാകുളത്തെ അഭിഭാഷകന്‍ വിമുഖത അറിയിച്ചതോടെ തിരുവന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പദവി ഒഴിച്ചിട്ട് സ്ഥലമാറ്റം തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍ കുമാറിന് ചുമതല നല്‍കി ഓഫീസ് ഒഴിയാനാണ് ബീനാ സതീശിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

Top