രജനീകാന്തിനൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി

കാര്‍ത്തിക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യാന്‍ സാധിച്ച അനുഭവം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ഫേസ്ബുക്കിലൂടെ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന്‍ അനുഭവം പങ്കുവെച്ചത്.

‘സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സുകാരന്റെ എനര്‍ജി സൂക്ഷിച്ചു ചെയ്യുന്ന രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്’ മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർ ഇന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാർ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി

Top