മണിച്ചിത്രത്താഴിന് ഇത് 25ാം വയസ്സ്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ശോഭന

മണിച്ചിത്രത്താഴ് എന്ന സിനിമയിറങ്ങിയിട്ട് ഇത് ഇരുപത്തിയഞ്ചാം വര്‍ഷം. 1993 ഡിസംബര്‍ 25ന് ഇറങ്ങിയ മണിച്ചിത്രത്താഴ് സിനിമാ ആസ്വാദകരുടെ മനസില്‍ അന്നും ഇന്നും മായാതെ കിടക്കുന്ന ഒരു ചിത്രമാണ്.

ചിത്രം ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ചിത്രത്തെ ഇഷ്ടപ്പെട്ട് കൂടെ കൊണ്ടു നടന്ന പ്രേക്ഷകര്‍ക്കും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമൊക്കെയും നന്ദി അറിയിച്ചിരിക്കുകയാണ് ശോഭന.

കാലം ചെല്ലുംതോറും പഴക്കം കൂടിയ വീഞ്ഞ് പോലെയാണ് മണിച്ചിത്രത്താഴ് എന്ന ചിത്രം. ഡോക്ടര്‍ സണ്ണിയും ഗംഗയും നകുലനും ശ്രീദേവിയുമൊക്കെ ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. 1993 ഡിസംബര്‍ 25നാണ് ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയ്ക്ക് ലഭിച്ചിരുന്നു.

ചിത്രത്തെക്കുറിച്ച് ശോഭനയുടെ വാക്കുകള്‍

എല്ലാ മീഡിയ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാന്‍സിനും, ‘മാര്‍ഗ്ഗഴി’ എന്ന പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. അതിന് ക്ഷമ ചോദിക്കുന്നു.

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നുവെന്ന് ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.

Top