കോണ്‍ഗ്രസ്സ് സസ്‌പെന്‍ഡ് ചെയ്ത മണിശങ്കര്‍ അയ്യര്‍ക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Narendra Modi

ബനസ്‌കന്ദ : മോശമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ്സ് സസ്‌പെന്‍ഡ് ചെയ്ത മണിശങ്കര്‍ അയ്യര്‍ക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ പോയി പ്രസംഗിച്ചുവെന്നാണ് മോദിയുടെ ആരോപണം.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കിയതായി ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞു.

തന്നെ പുറത്താക്കുമെന്ന് പറഞ്ഞിന്റെ അര്‍ഥമെന്താണെന്നും താന്‍ ചെയ്ത കുറ്റമെന്താണെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയെ നീചനെന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ നടപടി വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി നരേന്ദ്രമോദിതന്നെ രംഗത്തെത്തിയത്.

നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ അയ്യര്‍ മാപ്പുപറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് അയ്യര്‍ മാപ്പു പറഞ്ഞത്.

മോദി സംസ്‌കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന.

Top