സംഘപരിവാറിനെ ചെറുക്കാന്‍ മതേതരശക്തികള്‍ ഒന്നിച്ചു നില്‍ക്കണം ; മണിശങ്കര്‍ അയ്യര്‍

manisankar

കോഴിക്കോട്: പ്രാദേശികമായ ശിഥിലീകരണം അവസാനിപ്പിച്ചു മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കുകയാണു രാജ്യത്തിന് അടിയന്തരമായി വേണ്ടതെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍.

ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ യൂത്ത് മീറ്റിനോടനുബന്ധിച്ചു സംഘപരിവാര്‍ ഫാഷിസം ജനാധിപത്യ പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ പരസ്പരം മല്‍സരിച്ചാലും ദേശീയ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ മതേതര കക്ഷികള്‍ക്കു കഴിയണം. ഒരു ഹിന്ദുവിനെ കൊന്നാല്‍ 100 മുസ്ലിംകളെ കൊല്ലുമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. എന്നാല്‍ ഒരു മുസ്ലിമിനെ കൊന്നാല്‍ എത്ര ഹിന്ദുക്കളെ കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞില്ല. ഇദ്ദേഹമാകട്ടെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടാത്തയാളായിരുന്നുവെന്നും മണിശങ്കര്‍
പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടാത്ത ഒരാളെ കൊണ്ടുവന്നു മുഖ്യമന്ത്രിപദം പ്രധാനമന്ത്രി ഏല്‍പിച്ചു കൊടുക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എത്രമാത്രം വലിയ മാറ്റങ്ങളാണു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നറിയുക. ഇങ്ങനെ എത്ര വലിയ മാറ്റങ്ങള്‍ വന്നാലും ആ മാറ്റങ്ങളെ തടഞ്ഞു നിര്‍ത്തുകയാണു മതേതര ശക്തികളുടെ ബാധ്യത.

സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ ന്യൂനപക്ഷ വിഭാഗത്തിനു നിര്‍ണായക പങ്കു വഹിക്കാനുണ്ട്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയിലെ മതേതരത്വത്തിനു മാത്രമെ ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ സംരക്ഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ, പാക്ക് വിഭജന സമയത്തു വേണമെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കു പാക്കിസ്ഥാനിലേക്കു പോകാമായിരുന്നു. അങ്ങനൊരു തിരഞ്ഞെടുപ്പിനുള്ള അവസരം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കില്ലായിരുന്നു. മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ജനത ഇന്ത്യയില്‍ത്തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരോടാണു സംഘപരിവാര്‍ ശക്തികള്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ പറയുന്നതെന്നും മണിശങ്കര്‍ അയ്യര്‍ ആരോപിച്ചു.

Top