ഇന്ത്യൻ സിനിമാ മേഖലയിലെ ‘രത്ന’മാണ് ഇന്നും ഈ അതുല്യ സംവിധായകൻ !

ന്ത്യന്‍ സിനിമയിലെ അമൂല്യമായ രത്നമാണ് മണിരത്നം. സാമൂഹിക മേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ബോംബെ,റോജ പോലുള്ള സിനിമകള്‍ ഈ പുതിയ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്.

വെറുതെ ഒരു സിനിമ ചെയ്യുക എന്നതിനപ്പുറം സമൂഹത്തിനായി ഒരു സന്ദേശംനല്‍കുക എന്നതാണ് മണിരത്നത്തിന്റെ ശൈലി.

ശ്രീലങ്കന്‍ തമിഴരുടെ അതിജീവനത്തിന്റെ കഥപറഞ്ഞ ‘കണ്ണത്തില്‍ മുത്തമിട്ടാള്‍’, മതങ്ങള്‍ക്കും മീതെ മനുഷ്യബന്ധങ്ങളുടെ കഥപറഞ്ഞ ബോംബെ,റോജ സിനിമകളും ഇതിനുദാഹരണങ്ങളാണ്.

32 വര്‍ഷം നീണ്ട കരിയര്‍ ജീവിതം കൊണ്ടാണ് അദ്ദേഹം സിനിമാപ്രേമികളുടെ ഉള്ളില്‍ ഇത്രത്തോളം വളര്‍ന്ന് നില്‍ക്കുന്ന സംവിധായകനായി മാറിയിരിക്കുന്നത്. ഓസ്‌ക്കര്‍ ജേതാവ് എ.ആര്‍ റഹ്മാനെ സംഭാവന ചെയ്തത് തന്നെ മണിരത്നമാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സിനിമകളാണ് അദ്ദേഹം ഒരുക്കാറുള്ളത്.

ഇന്ത്യന്‍ സിനിമ സംവിധാന കലയുടെ ഈ ബ്രാന്‍ഡ് അംബാസിഡറിന്റെ സിനിമയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രതീക്ഷയുടെ പുതിയ നാമ്പുകളാണ് ആരാധകര്‍ക്കുള്ളില്‍ വിരിയുക.

മണിരത്‌നത്തിന്റെ സിനിമയാണ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ബോക്‌സ് ഓഫീസ് ഹിറ്റുകളെ കുറിച്ച് കേട്ടറിവ് മാത്രമുള്ള പുതുതലമുറയടക്കം കൂടുതല്‍ പ്രതീക്ഷിക്കും. കാത്തിരിക്കും…. അത്രത്തോളമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആരാധകര്‍ നല്‍കുന്ന സ്ഥാനം.

ഇടയ്ക്ക് വെട്ടിപ്പിടിച്ചും അതിനിടയില്‍ തളര്‍ന്നും ഏറെ ദൂരമാണ് ഈ ‘രത്നം’ താണ്ടിയത്. തളര്‍ന്നിടത്തു നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. എങ്കിലും ഒരിക്കല്‍ പോലും തന്റെ ലക്ഷ്യത്തില്‍ നിന്നും ഈ കലാകാരന്‍ പിന്മാറിയിട്ടില്ല.

മണിരത്നം പറഞ്ഞ കഥകളെല്ലാം വ്യത്യസ്തമായിരുന്നു. അവ ആളുകളെ ചേര്‍ത്തു പിടിക്കുകയും അതേസമയം ആഴത്തില്‍ ചിന്തിപ്പിക്കുന്നതുമായിരുന്നു.

പൊട്ടിക്കരയിപ്പിക്കുമ്പോഴും മനസിന് സന്തോഷവും സമാധാനവും നല്‍കുന്ന തീവ്ര പ്രണയത്തെ സിനിമയില്‍ കൂട്ടിയോജിപ്പിക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല. ഈ പ്രണയമാണ് ആസ്വാദകരെ മണിരത്‌നത്തിന്റെ സിനിമകളിലേക്ക് വലിച്ചടുപ്പിക്കാന്‍ പ്രധാന കാരണമായിരുന്നത്.

1983 -ല്‍ തീരെ ശ്രദ്ധ നേടാതെ പോയ ‘പല്ലവി അനുപല്ലവി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് മണിരത്‌നം സംവിധാനത്തിലേക്ക് കാലെടുത്ത് വെച്ചത്. എന്നാല്‍ ആദ്യ ചുവട് തന്നെ പിഴയ്ക്കുകയാണുണ്ടായത്. അനില്‍ കപൂറും ലക്ഷ്മിയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രം സാമ്പത്തികമായും വലിയ പരാജയമായിരുന്നു.

പിന്നീട് മണിരത്‌നം ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത് മലയാളത്തിലായിരുന്നു. അന്നത്തെ മുന്‍നിരനടന്‍മാരെ വച്ച് ചെയ്ത ‘ഉണരൂ’ എന്ന ചിത്രം എത്ര പേര്‍ കണ്ടെന്നതു പോലും സംശയമാണ്. അങ്ങിനെ ആദ്യരണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനു ശേഷം ‘പകല്‍ നിലവ്’, ‘ഇദയക്കോവില്‍’ എന്നീ രണ്ട് ചിത്രങ്ങളിലൂടെ മണിരത്‌നം തമിഴിലിലേക്കു ചുവടു മാറ്റുകയുണ്ടായി.

ഈ രണ്ടു ശരാശരി ചിത്രങ്ങള്‍ക്കു ശേഷമാണ് 1986 -ല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് മണിരത്‌നത്തിന് ഒരു വ്യക്തിത്വം നേടിക്കൊടുത്ത ‘മൗനരാഗം’ പുറത്തിറങ്ങുന്നത്.

ഇതിന് ശേഷം പിന്നീടൊരിക്കലും മണിരത്‌നത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്ത സിനിമകളില്‍, മൂന്നോ നാലോ ഒഴിച്ചാല്‍, വന്‍ സാമ്പത്തിക വിജയങ്ങളാകുകയും അതില്‍ മിക്കവയും ഹിന്ദിയിലേക്കു മൊഴി മാറ്റം ചെയ്യപ്പെടുകയോ പുനര്‍ നിര്‍മ്മിക്കപ്പെടുകയോ ചെയ്തവയുമാണ്.

‘നായകന്‍’ ‘അഗ്‌നിനക്ഷത്രം’ ‘ഗീതാഞ്ജലി’ ‘അഞ്ജലി’ ‘ദളപതി’ ‘റോജാ’ ‘തിരുടാ തിരുടാ’ ‘ബോംബേ’ ‘ഇരുവര്‍’ തുടങ്ങി ചെക്ക ചിവന്ത വാനം വരെ എത്തിനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ്.

‘ദളപതി’യെ വന്‍ വിജയമാക്കിയ മണിരത്നത്തിന് ‘രാവണനി’ലാണ് കാലിടറിയത്. പരാജയപ്പെട്ടെങ്കിലും ഒരു കാഴ്ചയുടെ വിസ്മയവും പ്രതിനായക കഥാ പരീക്ഷണവും ഒരുക്കാന്‍ രാവണനിലൂടെ സാധിച്ചിട്ടുണ്ട്. ഈ സിനിമയലൂടെ പ്രതിനായക സങ്കല്‍പം മാറ്റി മറിക്കാനും മണിരത്‌നത്തിന് കഴിഞ്ഞു.

മികച്ചൊരു പ്രമേയമായിരുന്നു ‘അഞ്ജലി’ യുടേത്. ഇത്രയും പക്വതയും പ്രായത്തില്‍ക്കവിഞ്ഞ പ്രായോഗിക ബുദ്ധിയും പ്രകടമാക്കുന്ന കുട്ടികള്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്ന് പോലും അക്കാലത്ത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

അതിരുകവിഞ്ഞ ദേശസ്‌നേഹമായിരുന്നു മണിരത്നത്തെ ‘റോജ’യിലും ‘ബോംബെ’ യിലും’ദില്‍ സേ’യിലും ഒക്കെ എത്തിച്ചിരുന്നത്. ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളുടേയും തമിഴ് രാഷ്ട്രീയ-സിനിമാ പിന്നാമ്പുറ കഥകളുടേയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘ഇരുവര്‍’ ആണ് മണിരത്‌നത്തിന്റെ മറ്റൊരു ‘മാസ്റ്റര്‍ പീസ്’.

മോഹന്‍ലാലും പ്രകാശ് രാജും, കയ്‌മെയ് മറന്നഭിനയിച്ച ‘ഇരുവര്‍’ മണിരത്നം ചിത്രങ്ങളില്‍ മികച്ചതും എന്നാല്‍ സാമ്പത്തികമായ് തീരെ വിജയിക്കാതെ പോയതുമായൊരു ചിത്രമാണ്.

ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മണിരത്‌നം. കല്‍ക്കി കൃഷ്ണമൂര്‍ത്തി, ചോളരാജചരിത്രത്തെ ആധാരമാക്കിയ ബ്രഹ്മാണ്ഡനോവല്‍ ‘പൊന്നിയിന്‍ ശെല്‍വനാണ്’ സിനിമയാക്കുന്നത്.

വിക്രം, ഐശ്വര്യറായി, സത്യരാജ്, ജയംരവി, കാര്‍ത്തി, കീര്‍ത്തി സുരേഷ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ഈ സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്.

‘പൊന്നിയിന്‍ ശെല്‍വനെ’ വളരെ പ്രതീക്ഷയോടെയാണ് വിക്രവും ഐശ്വര്യറായിയും നോക്കാക്കാണുന്നത്. ‘മണിരത്‌നം തന്റെ ഗുരുവാണ്, അദ്ദേഹമൊരുക്കിയ ‘ഇരുവര്‍’ ആയിരുന്നു തന്റെ ആദ്യചിത്രം. പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നതെന്നാണ്’ ഐശ്വര്യ പറയുന്നത്.

മണിരത്‌നവുമായുള്ള ഐശ്വര്യയുടെ നാലാമത്തെ ചിത്രമാണിത്. അതേസമയം ഈ ചിത്രത്തിലെ കഥാപാത്രമായിരിക്കും തന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രമെന്നാണ് വിക്രം പ്രതികരിച്ചിരിക്കുന്നത്.

അതിനായി ശാരിരിക മാറ്റം നടത്തുകയാണെന്നും ഇത്തരമൊരു കഥാപാത്രമാണ് താന്‍ തേടിക്കൊണ്ടിരുന്നതെന്നമാണ് വിക്രം അവകാശപ്പെടുന്നത്.

ബോളിവുഡിലെ ബിഗ്ബിയായ അമിതാഭ് ബച്ചനും കരുത്തുറ്റ കഥാപാത്രവുമായി ചിത്രത്തിലുണ്ടാകുമെന്നും സൂചനയുണ്ട്. പൊന്നിയിന്‍ ശെല്‍വന്‍ വീരകഥയാക്കാന്‍ പലരും മുമ്പും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.
എന്നാല്‍ പത്തുവര്‍ഷം മുമ്പേ തുടങ്ങിയ പ്രയത്നം ഇപ്പോള്‍ സാക്ഷാത്ക്കരിക്കുകയാണ് മണിരത്‌നം.

ഇന്ത്യന്‍ സിനിമാ മേഖലക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മണിരത്‌നത്തിന് 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കൂടാതെ നാഷണല്‍ ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങളും ഇതിനകം തന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പൊന്നിയിന്‍ ശെല്‍വനും മണിരത്നത്തിന് ബഹുമതികള്‍ നേടിക്കൊടുക്കുമെന്നാണ് ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നത്.

Top