മാണി സി. കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം; എന്‍.സി.പിയില്‍ കൂട്ടരാജി,42 പേർ പാർട്ടി വിട്ടു

കോട്ടയം: തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച്‌ എന്‍.സി.പിയില്‍ കൂട്ടരാജി.

എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടു. എൻസിപിയിലെ ഏകാധിപത്യ പ്രവണതയിലും പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിലും പ്രതിഷേധിച്ചാണ് രാജി.

രാജിക്കത്ത് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് ആരോപിച്ചു. ‘മാണി സി കാപ്പന് പാലായിൽ വിജയ സാധ്യതയില്ല’. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് മണർകാട് പ്രതികരിച്ചു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കാപ്പനെ വീണ്ടും തെരഞ്ഞെടുത്തതില്‍ നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി കെ.എം മാണിയുടെ ഭൂരിപക്ഷം കുറച്ചതിന്റെ പശ്ചാത്തലത്തില്‍ കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ഇടതുമുന്നണി അനുകൂല സമീപനം പുലര്‍ത്തുകയായിരുന്നു.

Top