പാലായുടെ മാണിക്യം കാപ്പന്‍ തന്നെ; ജോസ്. കെ മാണിക്ക് മന്ത്രിസ്ഥാനവും കിട്ടാക്കനി

കോട്ടയം: 52 വര്‍ഷം സ്വന്തം പിതാവ് കെ.എം മാണി കരളായി കണ്ട പാലാ സീറ്റ് പിടിക്കാന്‍ രണ്ടിലയുമായി ഇറങ്ങിയിട്ടും ഇടതുതരംഗം ആഞ്ഞുവീശിയിട്ടും കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനം തകര്‍ത്ത് 13000 വോട്ടിന് തോറ്റമ്പിയ ജോസ്.കെ മാണിക്ക് മന്ത്രി സ്ഥാനവും കിട്ടാക്കനി. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തി പാലായില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി കാപ്പനില്‍ നിന്നും സീറ്റ് പിടിച്ചുവാങ്ങി മത്സരിച്ചത് ഇടതുമുന്നണിയില്‍ മന്ത്രി സ്ഥാനം മോഹിച്ചായിരുന്നു. പാലാ സീറ്റ് നിഷേധിച്ചതോടെ ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്കു ചേക്കേറിയ മാണി സി കാപ്പനോട് 13,000 വോട്ടുകള്‍ പരാജയപ്പെട്ട് ജോസ് കെ. മാണിക്ക് നഷ്ടമായത് മന്ത്രിസ്ഥാനം കൂടിയാണ്.

യു.പി.എ സര്‍ക്കാരില്‍ കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് ഏറെ കരുനീക്കം നടത്തിയ ജോസ്. കെ മാണിക്ക് ഇപ്പോള്‍ സംസ്ഥാന മന്ത്രി സ്ഥാനവുമാണ് കൈമോശം വരുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് 5 എം.എല്‍.എമാരുണ്ടായിട്ടും പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണിക്ക് പാലായിലെ പരാജയം കാരണം മന്ത്രി സ്ഥാനം സ്വപ്നമായി അവശേഷിക്കുകയാണ്.
പാലാക്കൊപ്പം കേരള കോണ്‍ഗ്രസിന്റെ കോട്ടയായ കടുത്തുരുത്തിയിലെ പരാജയവും ജേസ് കെ മാണിക്ക് തിരിച്ചടിയാണ്.
2004ല്‍ മൂവാറ്റുപുഴയില്‍ പി.സി തോമസിനോടേറ്റ പരാജയത്തിനു ശേഷം ജോസ് .കെ മാണി നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയാണ് പാലായിലെ തോല്‍വി.

മൂവാറ്റുപുഴയില്‍ ജോസ്. കെ മാണിയെ തോല്‍പ്പിച്ച പി.സി തോമസ് വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു.
ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ പ്രതികൂട്ടിലാക്കിയ സമരങ്ങളെയെല്ലാം തള്ളിപ്പറഞ്ഞാണ് ജോസ്. കെ മാണിയെ സി.പി.എം ഇടതുപക്ഷത്തേക്കെത്തിച്ചത്. കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ ജോസ്. കെമാണിയും കേരള കോണ്‍ഗ്രസും യു.ഡി.എഫിലായിരുന്നു. മാണിയുടെ പകരക്കാരനായി ടോം ജോസ് മത്സരിച്ചപ്പോള്‍ ഇടതുപക്ഷത്തെ മാണി സി കാപ്പന്‍ 2943 വോട്ടിനാണ് അട്ടിമറി വിജയം നേടിയത്. അന്ന് പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കാത്തതാണ് പരാജയകാരണമെന്ന് ജോസ്. കെ മാണി പറഞ്ഞത്.

എന്നാല്‍ ഇത്തവണ അതിന്റെ കോട്ടം തീര്‍ക്കാന്‍ രണ്ടില ചിഹ്നത്തില്‍ തന്നെയാണ് ജോസ്. കെ മാണി മത്സരിച്ചത്. 13000 വോട്ടിന്റെ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. യു.ഡി.എഫില്‍ മുസ്ലിം ലീഗിന് പിന്നാലെ രണ്ടാമത്തെ പ്രധാന സഖ്യകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസിന് റവന്യൂ വകുപ്പടക്കം 3 മന്ത്രിസ്ഥാനങ്ങള്‍ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാരില്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ചേദിച്ചു വാങ്ങാന്‍ കേരള കോണ്‍ഗ്രസിന് കഴിയില്ല. പാലായിലെയും കടുത്തുരുത്തിയിലെയും തോല്‍വി കാരണം ഇടതുമുന്നണിയുടെ വിജയത്തില്‍ അവകാശവാദം പോലും ഉന്നയിക്കാന്‍ കഴിയാത്ത ദയനീയ അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ്.

ഇടതുമുന്നണിയില്‍ സി.പി.ഐക്ക് പിന്നാലെ മൂന്നാമത്തെ ഘടകകക്ഷിയായി കഴിയേണ്ടി വരും ഇനി കേരള കോണ്‍ഗ്രസിന്. സി.പി.ഐക്ക് നല്‍കാറുള്ള റവന്യൂ അടക്കമുള്ള വകുപ്പുകള്‍ ചോദിച്ചു വാങ്ങാനും കഴിയുകയില്ല.
ഇനി രാജ്യസഭാ സീറ്റ് ലഭിക്കാന്‍ സി.പി.എമ്മിന്റെ കനിവിന് കാക്കേണ്ട അവസ്ഥയാണ്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏതെങ്കിലും എം.എല്‍.എമാരെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ ജയിക്കാമെന്ന ജോസ് കെ മാണിയുടെ മോഹവും നടക്കാനിടയില്ല.

 

Top