കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ല; ടി പി പീതാംബരന്‍

peethambaran

ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് പോയ മാണി സി കാപ്പനെ തള്ളി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ല. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാര്‍. കാപ്പന്റെ നാളത്തെ നീക്കം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ടി പി പീതാംബരന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് മാണി സി കാപ്പന്‍ യുഡിഎഫില്‍ ഘടകക്ഷിയാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. എന്‍സിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താന്‍ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കുക എന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും. 101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും, 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയില്‍ പങ്കെടുക്കും. പാലായില്‍ താന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എല്‍ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്നാണ് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന്‍ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Top