മാണി സി.കാപ്പന്‍ മന്ത്രി? ശശീന്ദ്രന്‍ സമ്മതിക്കുമോ! എന്‍സിപിയില്‍ പ്രതിസന്ധി

കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് എന്‍സിപിയില്‍ അഴിച്ചു പണി നടത്തുന്നു. നിലവില്‍ ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാക്കി പാല എംഎല്‍എയായ മാണി സി. കാപ്പനെ മന്ത്രിയാക്കാനാണ് തീരുമാനം.

അതേസമയം തോമസ് ചാണ്ടിയുടെ വിയോഗത്തോടെ പീതാംബരനെ താല്ക്കാലിക അധ്യക്ഷനാക്കി പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എന്‍സിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി.കാപ്പനെ മന്ത്രിസഭയിലേക്ക് എത്തിക്കാനുള്ള സാധ്യത ഇടതുമുന്നണി നേതൃത്വം ചൂണ്ടികാട്ടുന്നുണ്ട്.

ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എന്‍സിപി നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംസ്ഥാന അധക്ഷനെ കണ്ടെത്തുമ്പോള്‍ മന്ത്രിസഭയിലും അഴിച്ചുപണി നടത്തേണ്ടി വരുമെന്ന സൂചനയാണ് എന്‍സിപി വൃത്തങ്ങള്‍ നല്‍കുന്നത്.

അതേസമയം മന്ത്രി ശശീന്ദ്രന്‍ നേരത്തെ അധ്യക്ഷനാകണം എന്ന ആഗ്രഹം പ്രകടിപ്പിരുന്നെങ്കിലും ഇപ്പോള്‍ മന്ത്രി സ്ഥാനം മതിയെന്ന നിലപാടിലാണ്. പക്ഷെ പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രന്‍ രണ്ടാം വട്ടം മന്ത്രിയായത്. പാലായില്‍ മിന്നുന്ന വിജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു. മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിനോട് ഇടതുമുന്നണിക്കും താല്പര്യമാണ്.

ഇതിന്റെ ഗുണം വരുന്ന തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ലഭിക്കുമെന്നാണ് സി.പി.എം കരുതുന്നത്. അങ്ങനെ വന്നാല്‍ ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകും. ഫെബ്രുവരിയോടെ മാത്രമേ അഴിച്ചുപണി പാര്‍ട്ടി ലക്ഷ്യമിടുന്നൊള്ളൂ.

Top