കോടിയേരിക്കെതിരെ മൊഴി നല്‍കിയിട്ടില്ല; ഷിബു ബേബി ജോണ്‍ പുറത്ത് വിട്ട രേഖ വ്യാജമെന്ന് കാപ്പന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെതിരെ സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടില്ലെന്ന് നിയുക്ത പാലാ എം.എല്‍.എ മാണി സി.കാപ്പന്‍. ഷിബു ബേബി ജോണ്‍ പുറത്ത് വിട്ട രേഖ വ്യാജമാണ്. മൊഴിപകര്‍പ്പില്‍ തന്റെ ഒപ്പില്ലെന്നും കാപ്പന്‍ പറഞ്ഞു.

തനിക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗമായാണ് ഷിബു ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും കാപ്പന്‍ ആരോപിച്ചു. ദുരുദ്ദേശത്തോടെയാണ് ഷിബുവിന്റെ ആരോപണങ്ങളെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തി.

ഇപ്പോള്‍ ഷിബു ബേബിജോണ്‍ ആരോപണമുന്നയിച്ചത് കോടിയേരിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്നും മാണി സി.കാപ്പന്‍ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണനെ മാത്രമല്ല, രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി തുടങ്ങിയവരെയെല്ലാം ദിനേശ് മേനോന് പരിചയപ്പെടുത്തിയിരുന്നു. ഇക്കാര്യമൊന്നും ആരും പറയുന്നില്ലല്ലോ എന്നും കാപ്പന്‍ ചോദിച്ചു.

നിലവില്‍ ഇതെല്ലാം വീണ്ടും പൊക്കിക്കൊണ്ടുവരുന്നതില്‍ ദുരുദ്ദേശ്യമുണ്ട്. ഇതുസംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതിനോടൊപ്പം മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് വ്യവസായി ദിനേശ് ബാബു, കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കും മൂന്ന് കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന മൊഴി കാപ്പന്‍ സി.ബി.ഐക്ക് മുമ്പാകെ നല്‍കിയെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രേഖകളും ഷിബു ബേബി ജോണ്‍ പുറത്ത് വിട്ടിട്ടുണ്ട്.

Top