പുതിയ പാര്‍ട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാന്‍ കച്ച കെട്ടി കാപ്പന്‍

കോട്ടയം: മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം 22-ന് ശേഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്റെ പാര്‍ട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തില്‍ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് മാണി സി കാപ്പനെ എന്‍സിപിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി.

എത്രയും വേഗം മുന്നണിയില്‍ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കാപ്പന്‍ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22-ന് തിരുവനന്തപുരത്ത് കാപ്പന്‍ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാണി സി കാപ്പനും എത്തിയിരുന്നു. പാലാ ഉള്‍പ്പെടെ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് കാപ്പന്റെ വിശ്വാസം.

പുതിയ പാര്‍ട്ടിക്കായി എന്‍സിപി കേരള, എന്‍സിപി യുപിഎ എന്നീ പേരുകള്‍ക്കാണ് മുന്‍ഗണന. എന്‍സിപിയില്‍ കാപ്പനെ അനുകൂലിക്കുന്നവരുടെ യോഗം 29-ന് മുമ്പ് വിവിധ ജില്ലകളില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. സലിം പി മാത്യു, സുള്‍ഫിക്കര്‍ മയൂരി, ബാബു കാര്‍ത്തികേയന്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് അയച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനെ തന്റെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും മാണി സി കാപ്പന്‍ നടത്തുന്നുണ്ട്.

Top