കാപ്പനും മേജർ രവിയും വന്നതോടെ, യു.ഡി.എഫിൽ കലഹവും രൂക്ഷമായി

ടുവില്‍ മാന്‍ഡ്രേക്ക് ബാധ ഭയന്ന് യു.ഡി.എഫ് നേതൃത്വവും. ജോസ്.കെ മാണിയെ പരാമര്‍ശിച്ച് മാണി സി കാപ്പന്‍ നടത്തിയ ജൂനിയര്‍ മാന്‍ഡ്രേക്ക് പരാമര്‍ശം, യു.ഡി.എഫിനു തന്നെ തിരിച്ചടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ”യുഡിഎഫില്‍ നിന്നും ജോസ് കെ മാണിയെ സന്തോഷത്തോടെ ഏറ്റുവാങ്ങിയത് മുതല്‍, ഇടതുമുന്നണിയുടെ കഷ്ടകാലം ആരംഭിച്ചെന്നാണ്” പാലായിലെ യു.ഡി.എഫ് സ്വീകരണ യോഗത്തില്‍ മാണി സി കാപ്പന്‍ തുറന്നടിച്ചിരുന്നത്. പി.ജെ. ജോസഫ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ള യു.ഡി.എഫ് നേതാക്കള്‍ കയ്യടികളോടെയാണ് കാപ്പന്റെ ഈ പരാമര്‍ശത്തെ എതിരേറ്റിരുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പൊട്ടിച്ചിരിച്ചാണ് കാപ്പന്റെ പ്രസംഗം കേട്ടിരുന്നിരുന്നത്.

എന്നാല്‍, ആ ചിരി ഇപ്പോള്‍ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങളെ കൊണ്ടു പോകുന്നത്. ഒരു കാരണവശാലും പാലാ സീറ്റിനപ്പുറം ഒരു സീറ്റ് കാപ്പന്‍ വിഭാഗം എന്‍.സി.പിക്ക് കൊടുക്കേണ്ടതില്ലന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ കെ.പി.സി.സി യിലെ ഭൂരിപക്ഷവും ഈ നിലപാടിനൊപ്പമാണ്. എന്നാല്‍, കാപ്പന്‍ വിഭാഗത്തിന് രണ്ടു സീറ്റെങ്കിലും നല്‍കണമെന്ന താല്‍പ്പര്യമാണ് മറ്റു ചിലര്‍ക്കുള്ളത്. കാപ്പനെ യു.ഡി.എഫിലെത്തിക്കാന്‍ താല്‍പ്പര്യമെടുത്തവരാണ് ഇക്കൂട്ടര്‍. അതേസമയം, പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഭയന്ന് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നിലപാടില്‍ നിന്നും ഇപ്പോള്‍ മലക്കം മറിഞ്ഞിട്ടുണ്ട്. കായംകുളം സീറ്റ് കാപ്പന് നല്‍കിയാല്‍ പാര്‍ട്ടി വിടാനാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.

റിബലിനെ നിര്‍ത്തി മത്സരിപ്പിക്കാന്‍ മറ്റൊരു വിഭാഗവും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം കായംകുളത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കെ.പി.സി.സി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിലെ ഈ എതിര്‍പ്പ് ചെന്നിത്തലയെയാണ് കൂടുതല്‍ വെട്ടിലാക്കിയിരിക്കുന്നത്. ഹരിപ്പാട് ഇത്തവണ വലിയ വെല്ലുവിളിയാണ് ചെന്നിത്തല നേരിടുന്നത്. ജില്ലയില്‍ കാപ്പന്‍ വിഭാഗത്തിനു സീറ്റു നല്‍കിയാല്‍ ഹരിപ്പാടും അണികള്‍ക്കിടയില്‍ രോക്ഷമുയരും. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച ചെന്നിത്തല എം.എല്‍.എ പോലും ആകാത്ത അവസ്ഥയാണ് അതോടെ ഉണ്ടാവുക. ഇക്കാര്യങ്ങളെല്ലാം ഡി.സി.സിയിലെ ചെന്നിത്തല അനുകൂലികള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

 

പാലാക്കു പുറമെ രണ്ടു സീറ്റുകള്‍ കൂടി യു.ഡി.എഫ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന വിവരം ആദ്യം പുറത്തുവിട്ടിരുന്നത് കാപ്പന്‍ വിഭാഗം തന്നെയാണ്. കായം കുളത്തിനു പുറമെ മലബാറിലും കാപ്പന്‍ വിഭാഗത്തിനു സീറ്റു ലഭിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ ചെയ്യുകയുണ്ടായി. ഈ വാര്‍ത്തകളെല്ലാം കോണ്‍ഗ്രസ്സില്‍ വലിയ ആഭ്യന്തര പ്രശ്നമാണിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ആലപ്പുഴ, കോഴിക്കോട്, ജില്ലകളിലെ കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ കാപ്പന്‍ വിഭാഗത്തിനു സീറ്റുകള്‍ വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ്. കാപ്പന്‍ വിഭാഗത്തിന് ആരെങ്കിലും സീറ്റുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം ഉത്തരവാദിത്വമാണെന്നതാണ് ഡി.സി.സി നേതൃത്വങ്ങളുടെ നിലപാട്. ഘടക കക്ഷിയായി പോലും കാപ്പന്‍ വിഭാഗത്തെ അംഗീകരിക്കരുതെന്നും കൈപ്പത്തി ചിഹ്നത്തില്‍ അദ്ദേഹം മത്സരിക്കട്ടെ എന്നതുമാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെയും നിലപാട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര സമാപിച്ചു കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍, യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കും.

നിലവില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലീം ലീഗും പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സും രംഗത്തുണ്ട്. കോണ്‍ഗ്രസ്സില്‍ മതിയായ പ്രാതിനിത്യം ആവശ്യപ്പെട്ട് യൂത്തു കോണ്‍ഗ്രസ്സ് കെ.എസ്.യു സംഘടനകളും സജീവമാണ്. സിറ്റിംഗ് എം.എല്‍.എമാരെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം എ – ഐ ഗ്രൂപ്പുകളും മുന്നോട്ട് വച്ചിട്ടുണ്ട്. എങ്ങനെയും സീറ്റുകള്‍ തരപ്പെടുത്താനായി പണച്ചാക്കുകളും സീറ്റുമോഹവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍, സീറ്റ് വിഭജനം വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ്സിനുണ്ടാക്കാന്‍ പോകുന്നത്. വിജയ സാധ്യത മാത്രം മുന്‍ നിര്‍ത്തിയാണ് സീറ്റുകള്‍ നല്‍കുക എന്ന ഹൈക്കമാന്റ് നിലപാടും സ്ഥാന മോഹികള്‍ക്ക് വലിയ തിരിച്ചടിയാണ്. ഉള്ള സീറ്റുകള്‍ തന്നെ മതിയാകാത്ത സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസ്സിലുള്ളത്. ഇതിനിടയില്‍ മൂന്നു സീറ്റുകള്‍ കാപ്പന്‍ വിഭാഗത്തിനു നല്‍കുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.

പാലായില്‍ കാപ്പനെ ഒതുക്കാം എന്ന നിലപാടിനാണ് യു.ഡി.എഫിലും മുന്‍തൂക്കമുള്ളത്. ഇതിനിടെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് മത്സരിച്ച സീറ്റായതിനാല്‍ പാലായുടെ പേരില്‍ തങ്ങളുടെ സീറ്റുകള്‍ കുറക്കരുതെന്ന ആവശ്യം പി.ജെ.ജോസഫും മുന്നോട്ടു വച്ചിട്ടുണ്ട്. 15 സീറ്റില്‍ ഉറച്ചു നിന്ന് 11-ല്‍ വിട്ടുവീഴ്ച ചെയ്യാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍, ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തില്‍ 6 സീറ്റുകള്‍ ജോസഫ് വിഭാഗത്തിനു നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.കോട്ടയത്തെ ഭൂരിപക്ഷ സീറ്റുകളിലും മത്സരിക്കുമെന്ന് ഡി.സി.സി നേതൃത്വവും പ്രഖ്യാപിച്ചിട്ടുണ്ട്. കാപ്പന് സീറ്റു നല്‍കുന്നതില്‍ കാണിച്ച താല്‍പ്പര്യം തങ്ങളോടും കാണിക്കണമെന്നതാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. സീറ്റുകള്‍ കുറഞ്ഞാല്‍ ജോസഫ് വിഭാഗത്തിലും വലിയ പൊട്ടിത്തെറിയാണുണ്ടാകുക.

സീറ്റു മോഹിച്ച് ചിട്ടി കമ്പനി മുതലാളി മുതല്‍ ജോണിനെല്ലൂര്‍ വരെയാണ് ജോസഫിനൊപ്പം കൂടിയിരിക്കുന്നത്. ജോസ്.കെ മാണി പക്ഷത്ത് നിന്നും ജോസഫ് എം പുതുശ്ശേരി ഉള്‍പ്പെടെ വന്നതും സീറ്റു മോഹിച്ചാണ്. ഇത്തരത്തില്‍ വലിയ ഒരു പട തന്നെ ജോസഫിനൊപ്പമുണ്ട്. അണികള്‍ ഇല്ലെങ്കിലും സ്ഥാനമോഹികളാല്‍ അതിസമ്പന്നമാണ് ഈ വിഭാഗം. സീറ്റ് വിഭജനം ‘തിരിച്ചടിച്ചാല്‍’ അതോടെ ജോസഫിനും മാന്‍ഡ്രേക്ക് ബാധയാണ് ഏല്‍ക്കുക. കാപ്പന് സീറ്റു നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് പി.ജെ ജോസഫിനെയും നിലവില്‍ സ്ഥാനമോഹികള്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. തന്റെ ഈ നിസ്സഹായാവസ്ഥ കോണ്‍ഗ്രസ്സ് നേതാക്കളോടും പി.ജെ ജോസഫ് തുറന്നു പറഞ്ഞിട്ടുണ്ട്. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നതാണ് അദ്ദേഹത്തിന്റെ അപേക്ഷ.

അതേസമയം, സംഘപരിവാര്‍ അനുകൂലിയായ മേജര്‍ രവിയുടെ സാന്നിധ്യവും മാന്‍ഡ്രേക്ക് ബാധക്കു സമാനമായ അവസ്ഥയാണ് കോണ്‍ഗ്രസ്സിലും ഉണ്ടാക്കിയിരിക്കുന്നത്. മേജര്‍ രവിയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ്സിനെ തിരിഞ്ഞു കുത്തുന്നത്. മേജര്‍ രവിയെ, ഐശ്വര്യ കേരള യാത്രയിലേക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്സിലും – ലീഗിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മേജര്‍ രവിയുടെ പ്രകോപനപരമായ മുന്‍ നിലപാടുകള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇതും യു.ഡി.എഫിനെ ഏറെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. സന്തോഷത്തോടെ സ്വീകരിച്ച മേജര്‍ രവിയെ സന്തോഷത്തോടെ തന്നെ ബി.ജെ.പി കൊണ്ടു പോകണമെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമുള്ളത്. ബി.ജെ.പിയുടെ പുതിയ നീക്കം അവരുടെ പ്രതീക്ഷയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പി.കെ. കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും മേജര്‍ രവിയെ നേരില്‍ കണ്ടതായാണ് പുറത്തു വരുന്ന വിവരം. ആര്‍എസ്എസ് നേതാക്കളും ഇതിനകം തന്നെ മേജര്‍ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയിലെ അതൃപ്തി മേജര്‍ രവിയും സംഘപരിവാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബിജെപി നേതാക്കളാരും ഇതുവരെ തയാറായിട്ടില്ല. ‘ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ് ” എന്നു മാത്രമാണ് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്.

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോള്‍ വേദിയിലെത്തിയ മേജര്‍ രവി ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും അമ്പരപ്പിച്ചിരുന്നു. ഇതു വലിയ വാര്‍ത്തയായതോടെയാണ് അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ പരിവാര്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. ‘കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും നാട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും’, അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് ചില ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ മേജര്‍ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഷാള്‍ അണിയിച്ചാണ് മേജര്‍ രവിയെയും മാണി സി കാപ്പനേയും ഐശ്വര്യ യാത്രയിലേക്ക് ചെന്നിത്തല സ്വീകരിച്ചിരുന്നത്. അതോടെയാണ്, യഥാര്‍ത്ഥ മാന്‍ഡ്രേക്ക് ബാധ യു.ഡി.എഫിനു ഉണ്ടായതെന്നാണ് ചെന്നിത്തല വിരോധികളും ആരോപിക്കുന്നത്. ജോസ് കെ മാണിയെ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നു വിശേഷിപ്പിച്ച കാപ്പന്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സീനിയര്‍ മാന്‍ഡ്രേക്കായാണ് മാറിയിരിക്കുന്നതെന്നാണ് ജോസ് വിഭാഗവും തുറന്നടിച്ചിരിക്കുന്നത്.

 

Top