ശശീന്ദ്രനെതിരെ മാണി സി കാപ്പന്‍ വിഭാഗം പരാതി നല്‍കി

കോട്ടയം: പാലാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പന്‍ വിഭാഗം പരാതി നല്‍കി. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനാണ് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ശശീന്ദ്രന്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ യോഗം വിളിച്ചതിനാണ് പരാതി. ശശീന്ദ്രനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. എന്നാല്‍, പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നു. പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍.

മുന്നണി മാറ്റം സംബന്ധിച്ച നിര്‍ണായ തീരുമാനങ്ങള്‍ക്കായി മാണി സി കാപ്പനും സംഘവും ദേശീയ നേതൃത്വവുമായി ഉടന്‍ ചര്‍ച്ച നടത്തും. ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും. എന്‍സിപിയുടെ മുന്നണി മാറ്റ നിലപാടിനെ കുറിച്ച് ശരദ് പവാറുമായി നിര്‍ണായക ചര്‍ച്ച മറ്റന്നാള്‍ നടക്കുമെന്നാണ് വിവരം.

Top