പാലാ സീറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍; സിപിഎം നേതൃത്വത്തെ അറിയിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ (എം) ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി വിഭാഗം ഉന്നയിക്കുന്ന അവകാശവാദങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏകപക്ഷീയ സീറ്റ് ചര്‍ച്ചകളിലുമുള്ള അതൃപ്തി മാണി സി.കാപ്പന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി.കാപ്പന്‍ ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇരുകൂട്ടരും നിഷേധിച്ചു. രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച എന്‍സിപി ഭാരവാഹിയോഗം വിളിച്ചു

ജോസ് കെ.മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍, മുന്നണി മാറ്റത്തിനുള്ള താല്‍പര്യം പ്രകടിപ്പിച്ച് മാണി സി.കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് അഭ്യൂഹം. ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും മാണി സി.കാപ്പന്‍ കണ്ടെന്നാണ് പ്രചാരണം. അതേസമയം, മാണി സി.കാപ്പന്‍ ഇക്കാര്യം നിഷേധിച്ചു. തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് കണ്ടെങ്കിലും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് മാണി സി.കാപ്പന്‍ പറയുന്നു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ചര്‍ച്ചകളില്‍ മാണി സി.കാപ്പന് കടുത്ത അതൃപ്തിയുണ്ട്. സ്ഥലം എംഎല്‍എയായ തന്നോടുപോലും ആശയവിനിമയം നടത്താതെ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി വിഭാഗവുമായി സിപിഎം ഒറ്റയ്ക്ക് നടത്തുന്ന ചര്‍ച്ചയിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യങ്ങളിലെ നിലപാട് മാണി സി.കാപ്പന്‍ വ്യക്തമാക്കും.

Top