‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; പുതിയ പാർട്ടി പ്രഖ്യാപിച്ച് കാപ്പൻ

തിരുവനന്തപുരം: എൻസിപി വിട്ട മാണി. സി. കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ സി കെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമായാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കാപ്പൻ പറഞ്ഞു.

പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും പ്രഖ്യാപിച്ച കാപ്പൻ ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്ന് ഉറപ്പ് പറഞ്ഞു. ഘടകക്ഷി ആയിട്ടെ യുഡിഎഫിലേക്ക് വരൂ എന്നും മൂന്ന് സീറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എൽഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായിൽ കെ. എം മാണിയുടെ ഭൂരിപക്ഷം പടിപടിയായി കുറയ്ക്കാൻ സാധിച്ചു. പാലായുടെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു. പാലാ സീറ്റ് എല്‍ഡിഎഫ് നിഷേധിച്ചതോടെയാണ് മാണി സി.കാപ്പന്‍ യുഡിഎഫ് പക്ഷത്തേക്ക് ചുവടുമാറിയത്.

Top