‘പാല് കൊടുത്ത’ കൈക്ക് തന്നെയാണ് പാലാ എം.എൽ.എയും കൊത്തുന്നത് !

പാലാ എന്ന മണ്ഡലം ഒരിക്കലും മാണി സി കാപ്പന്റെ തറവാട്ട് സ്വത്തല്ല. ഇക്കാര്യം ഏത് കോപ്പിലെ കാപ്പനും ഓര്‍ക്കുന്നത് നല്ലതാണ്. ഇടതുപക്ഷത്തിരുന്ന് വലതുപക്ഷത്തിന്റെ സ്വഭാവം കാണിക്കുന്ന കാപ്പനെ പുറത്താക്കാന്‍ എന്‍.സി.പി നേതൃത്വമാണ് ആദ്യം തയ്യാറാകേണ്ടത്. അതല്ലെങ്കില്‍ എന്‍.സി.പിയെ തന്നെ ഇടതുപക്ഷം മുന്നണിയില്‍ നിന്നും പുറത്താക്കണം. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത നിലപാടുകളും പ്രതികരണങ്ങളുമാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. തനിക്കാണ് ഭൂരിപക്ഷമെന്നും പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

പാലാ നിയോജക മണ്ഡലത്തില്‍ എന്‍സിപി മത്സരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മാണി സി കാപ്പന്‍ വെല്ലുവിളിച്ചിട്ടുണ്ട്. ചെങ്കൊടിയുടെ വോട്ട് കൊണ്ടാണ് താന്‍ വിജയിച്ചതെന്ന കാര്യം മറന്നാണ് ഈ വെല്ലുവിളി. ‘ഒറ്റയ്ക്ക് ‘ കാപ്പന്‍ മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിച്ചാല്‍ പോലും ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയുകയില്ല. ജനസ്വാധീനത്തിന്റെ അളവുകോല്‍ വീരവാദമല്ലെന്നതും നല്ലത് പോലെ ഓര്‍ത്തിരിക്കണം. ഇടതുപക്ഷം പുറത്താക്കിയാല്‍ പിന്നെ ഒരു പുഴുവിന് സമമാണ് കാപ്പനും. കോപ്പിലെ ഇടപാട് കാണിക്കും മുന്‍പ് ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്. ജോസ്.കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിനെ എന്തിനാണ് മാണി സി കാപ്പന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്. തനിക്ക് കിട്ടിയ ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചിട്ടില്ലന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞതും എന്തിനാണ് ?

യു.ഡി.എഫിന്റെ ക്വട്ടേഷന്‍ എടുത്താണ് ഈ നീക്കമെന്ന് വ്യക്തം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണ്. സീറ്റ് വിഭജനം നടത്തുന്നതില്‍ നിര്‍ണ്ണായക നിലപാട് സി.പി.എമ്മിന്റെയും ആയിരിക്കും. ഇത്തവണ ജോസ് വിഭാഗത്തെ ഉള്‍ക്കൊള്ളുന്നതിന് സി.പി.എം സഹിച്ച അത്ര ത്യാഗം മറ്റൊരു പാര്‍ട്ടിയും ഇടതുപക്ഷത്ത് സഹിച്ചിട്ടില്ല. ഈ ത്യാഗത്തിന്റെ ഫലമാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി ഉള്‍പ്പെടെ മധ്യ തിരുവതാംകൂറില്‍ ഉണ്ടായിരിക്കുന്ന മികച്ച വിജയം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തില്‍ പോലും യു.ഡി.എഫ് പരാജയപ്പെട്ടു എന്നത് ഒരിക്കലും നിസാരമായി കാണാന്‍ കഴിയുകയില്ല. പരമ്പരാഗതമായ യു.ഡി.എഫ് കോട്ടകള്‍ പൊളിച്ചടുക്കാന്‍ ഇടതുപക്ഷത്തിന് കേരള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

ഇടതുപക്ഷത്ത് എക്കാലത്തും ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടി സി.പി.എമ്മാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയും ഈ പാര്‍ട്ടി തന്നെയാണ്. രണ്ടാമതായി ഇടതുപക്ഷത്തുള്ള പാര്‍ട്ടി സി.പി.ഐയാണ്. അവര്‍ക്ക് പ്രധാനമായും കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് സ്വാധീനമുള്ളത്. എന്നാല്‍ ഇടതുപക്ഷത്തെ മറ്റൊരു ഘടക കക്ഷിക്കും കാര്യമായ ഒരു ജനസ്വാധീനമില്ല. എന്നിട്ടും ഇവരെയെല്ലാം ചുമന്ന് സീറ്റുകളും സ്ഥാനമാനങ്ങളുമാണ് സി.പി.എം നല്‍കിയിട്ടുള്ളത്. ഒറ്റ എം.എല്‍.എയുള്ള കോണ്‍ഗ്രസ്സ് എസ് പ്രതിനിധി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിച്ചാണ് മന്ത്രിയാക്കിയിരിക്കുന്നത്. എന്‍.സി.പിക്കും സ്വപ്ന തുല്യമായ പരിഗണന നല്‍കിയാണ് മന്ത്രിയാക്കിയത്. ഫോണ്‍ കെണിയില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ പുറത്ത് പോയപ്പോള്‍ എന്‍.സി.പിക്കാരനായ തോമസ് ചാണ്ടിക്ക് പകരം മന്ത്രി സ്ഥാനവും നല്‍കുകയുണ്ടായി.

എന്നാല്‍ ഭൂമി കയ്യേറ്റത്തില്‍ കുടുങ്ങി ചാണ്ടിക്കും താമസിയാതെ രാജി വെയ്‌ക്കേണ്ട അവസ്ഥയാണുണ്ടായത്. ഫോണ്‍ കെണി കേസില്‍ കോടതിയില്‍ നടപടി അവസാനിച്ചതോടെ വീണ്ടും ശശീന്ദ്രന് തന്നെയാണ് നറുക്ക് വീണത്. ഈ പരിഗണനയെല്ലാം സി.പി.എമ്മിന്റെ ഔദാര്യത്തില്‍ മാത്രം കിട്ടിയതാണെന്ന കാര്യം മാണി സി കാപ്പന്‍ മറന്നു പോകരുത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് സീറ്റ് നല്‍കേണ്ട ഒരു കാര്യവും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ മുന്നണി മര്യാദ പാലിച്ചാണ് സീറ്റ് വിട്ട് നല്‍കിയിരുന്നത്. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ എട്ടു നിലയില്‍ കാപ്പനും പൊട്ടുമായിരുന്നു. പത്രക്കാരോട് മൊഴിയും മുന്‍പ് ഇക്കാര്യവും ഓര്‍ക്കണമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായില്‍ ശരിക്കും പാലം വലിച്ചിരിക്കുന്നത് മാണി സി കാപ്പനാണ്. അദ്ദേഹം അവിടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് ശ്രമിച്ചത്. ഒരു സ്വാധീനവും വ്യക്തിപരമായും സംഘടനാപരമായും കാപ്പനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇല്ലാത്തതിനാല്‍ മാത്രമാണ് പാര ഏശാതെ പോയത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയെ ഒരിക്കലും ഒരു മുന്നണിയും പ്രോത്സാഹിപ്പിക്കരുത്. കാപ്പനെതിരെ നടപടി അനിവാര്യം തന്നെയാണ്. പുറത്ത് പോയി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് മുന്‍പ് തന്നെ മാണി സി കാപ്പനെ പുറത്താക്കണം. അതിന് ഇടതുപക്ഷ നേതൃത്വം ഉടന്‍ തയ്യാറാകുകയാണ് വേണ്ടത്. ജോസ്.കെ മാണി വിഭാഗം കാപ്പന്റെ പ്രകോപനത്തിന് മറുപടി പറയാതെ പക്വമായ നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.

മുന്നണി എടുക്കുന്ന തീരുമാനം അനുസരിക്കുമെന്ന ആ നിലപാടാണ് ഇടതുപക്ഷ ശൈലിക്കും ചേരുന്ന നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി എന്താണെന്ന് ജോസ് വിഭാഗം തെളിയിച്ചു കഴിഞ്ഞു. ഇനി മറ്റു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇടതുപക്ഷ നേതൃത്വമാണ്. സി.പി.എമ്മിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും ചെമ്പടയുടെ കുതിപ്പിന് അനുസൃതമായ നിലപാട് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നതാണ് പാര്‍ട്ടി അണികളും ആഗ്രഹിക്കുന്നത്.

Top