manhole accident-noushad

കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാനതൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടമായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി നല്‍കി.

നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചിരിക്കുന്നത്.

നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. വെള്ളിയാഴ്ച്ചയാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നത്.

ക്ലാര്‍ക്ക് പോസ്റ്റില്‍ ഇനി വരുന്ന ഒഴിവില്‍ നൗഷാദിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2015 നവംബര്‍ 26നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാളിക്കടവ് സ്വദേശി നൗഷാദ് (33) മരിച്ചത്.

മാന്‍ഹോളില്‍ അറ്റകുറ്റപ്പണിക്കിറങ്ങിയ തൊഴിലാളികള്‍ കുടുങ്ങിയപ്പോള്‍ അവരുടെ നിലവിളി കേട്ട് മാന്‍ഹോളിലിറങ്ങിയ നൗഷാദും അപകടത്തില്‍പ്പെടുകയായിരുന്നു.

അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നൗഷാദ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സഫ്രീനയ്ക്ക് നിയമനഉത്തരവ് ലഭിച്ചിരുന്നില്ല.

Top