‘മംഗൾയാൻ’ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

ബംഗളുരു: ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ കന്നി ദൗത്യമായ ‘മംഗൾയാൻ’ അതിന്റെ ദൗത്യം പൂർത്തിയാക്കിതായി റിപ്പോര്‍ട്ടുകള്‍. മാർസ് ഓർബിറ്റർ മിഷന്റെ (മംഗൾയാൻ) ഇന്ധനവും ബാറ്ററിയും തീർന്നതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഇതോടെ ഇനി ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. മംഗൾയാനിൽ ഇന്ധനം അവശേഷിക്കുന്നില്ലെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘ ഉപഗ്രഹ ബാറ്ററിയും തീർന്നു. ഇതുമായുള്ള ബന്ധവും പൂർണമായും നഷ്ടപ്പെട്ടെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.

2013 നവംബർ അഞ്ചിനാണ് മംഗൾയാൻ വിക്ഷേപിച്ചത്. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ എന്നിവയുടെ പഠനത്തിനായിയാണ് 450 കോടി രൂപ ചെലവിൽ മംഗൾയാൻ വിക്ഷേപണം നടത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24ന് വിജയകരമായി പ്രവേശിക്കുകയും ചെയ്തു.ചൊവ്വയുടെ ഭ്രമണപഥത്തിൽ ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് മംഗൾയാൻ വിക്ഷേപിച്ചത്. പക്ഷേ അത് ഏകദേശം എട്ട് വർഷത്തോളം പ്രവർത്തിച്ചതായി ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

എന്നാൽ ദൗത്യം പൂർണ്ണമായും നഷ്ടമായോ എന്ന കാര്യത്തിൽ ഐഎസ്ആർഒ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അടുത്തിടെ തുടർച്ചയായി ഗ്രഹണങ്ങളുണ്ടാവുകയും ഇതിൽ ഒന്ന് ഏഴരമണിക്കൂറോളം നിലനിൽക്കുകയും ചെയ്തത് ബാറ്ററി വേഗത്തിൽ തീരുന്നതിനിടയാക്കിയതായാണ് വിലയിരുത്തൽ. ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ഗ്രഹണം കൈകാര്യംചെയ്യുന്ന വിധത്തിലാണ് ഉപഗ്രഹ ബാറ്ററിയുടെ രൂപകൽപന. ദീർഘനേരമുള്ള ഗ്രഹണം ബാറ്ററിയുടെ ശേഷി ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Top