മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി; വ്യാജ പ്രചാരണം നടത്തി ബിജെപി നേതാക്കള്‍

തിരുവനന്തപുരം: മംഗളൂരുവിലെ പ്രതിഷേധങ്ങളും അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളികളായ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയുമായി ബന്ധപ്പെട്ട് നുണ പ്രചാരണം നടത്തി ബിജെപി നേതാക്കള്‍. കെ. സുരേന്ദ്രനും ബി.എല്‍ സന്തോഷുമാണ് പ്രചാരണം നടത്തിയത്. ആയുധങ്ങളുമായി കേരളത്തില്‍ നിന്നുള്ള 50 ഓളം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ പിടിയിലായെന്ന വാര്‍ത്തയാണ് നേതാക്കള്‍ പ്രചരിപ്പിച്ചത്.

അതേസമയം രാവിലെ പൊലീസ് കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകള്‍ ഏറെ പിന്നിട്ടിട്ടും വിട്ടയക്കുകയോ കുടിക്കാന്‍ വെള്ളം നല്‍കുകയോ ചെയ്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകരുടെ ജോലി നിര്‍വ്വണത്തിന് തടസ്സം നിന്നതിന് പുറമെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനെതിരെ കേരളത്തിലടക്കം വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കളുടെ മനുഷത്വരഹിതമായ പ്രചാരണം.

‘ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാല്‍ ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്‌ളീസ് ഗോ ടു യുവര്‍ ക്‌ളാസ്സസ്,’ എന്നായിരുന്നു കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക് പോസ്റ്റ്. വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

‘ഇപ്പോഴും നിങ്ങള്‍ക്കിതിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തെയും കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ?’ എന്ന ചോദ്യമാണ് വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ബിഎല്‍ സന്തോഷ് ചോദിച്ചത്.

Top