ക്രമസമാധാന പ്രശ്‌നം; സിദ്ധരാമയ്യയോട് മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് പൊലീസ്

മംഗളൂരു: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന മംഗളൂരുവിലേക്ക് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്ക്ക് വിലക്ക്.  ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ് നോട്ടീസ് അയച്ചു. സംഘര്‍ഷ ഭരിതമായ മംഗളൂരുവിലേക്ക് സിദ്ധരാമയ്യ എത്തിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്.

നിരോധനാഞ്ജ നിലനില്‍ക്കെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശത്ത് നിന്ന് കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് മംഗളൂരുവില്‍ ചേരുന്നുണ്ട്.

സമരം നടത്താന്‍ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷ കര്‍ശനമാക്കാനാണ് മംഗളൂരു പോലീസിന് ലഭിച്ച നിര്‍ദേശം. ടൗണ്‍ ബാങ്ക്, മൈസൂര്‍ സര്‍ക്കിള്‍ എന്നിവയ്ക്ക് പുറമേ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം കൂടുതല്‍ പോലീസിനെ വ്യന്യസിച്ച് സംസ്ഥാനത്താകെ സുരക്ഷ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം.

അതേസമയം മംഗളൂരുവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കര്‍ഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് വിലക്കും തുടരുന്നു.

 

 

 

Top