mangalam channel issue

തിരുവനന്തപുരം : മംഗളം ചാനല്‍ സിഇഒ അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മംഗളം രംഗത്ത്. അറസ്റ്റ് സര്‍ക്കാര്‍ പകരംവീട്ടലാണെന്നും ഇതിന് പിന്നില്‍ ഉന്നത സമ്മര്‍ദമുണ്ടെന്നും മംഗളം ആരോപിക്കുന്നു.

അപകീര്‍ത്തി പ്രചരണം നടത്തി മറ്റ് മാധ്യമങ്ങളും ഗൂഡാലോചനയുടെ ഭാഗമായെന്നും മംഗളം തുറന്നടിച്ചു.

മംഗളം വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം

ഗതാഗതമന്ത്രിയായിരിക്കേ എ.കെ. ശശീന്ദ്രന്‍ നടത്തിയ അശ്ലീലസംഭാഷണം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരോടു സര്‍ക്കാര്‍ പകവീട്ടി. ശശീന്ദ്രന്റെയോ ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിനിരയായ യുവതിയുടെയോ മൊഴി രേഖപ്പെടുത്താതെ നേരത്തേ തയാറാക്കിയ തിരക്കഥപ്രകാരമായിരുന്നു പകവീട്ടല്‍. കേസില്‍ മൊഴി നല്‍കാനെത്തിയ മംഗളം ടെലിവിഷന്‍ എം.ഡി: ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഉന്നതതലസമ്മര്‍ദത്തേത്തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്തത്. കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിങ് വാര്‍ത്തയില്‍ വിറളിപൂണ്ട് അപകീര്‍ത്തിപ്രചാരണം നടത്തിയ മറ്റു മാധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പോലും മറികടന്നായിരുന്നു പോലീസ് നീക്കം. മംഗളം ചാനലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട മാധ്യമ സിന്‍ഡിക്കേറ്റും ഇതിനു കൂട്ടുനിന്നു.

എ.കെ. ശശീന്ദ്രന്‍ തരംതാണ ഭാഷയില്‍ ഒരു സ്ത്രീയോട് സംസാരിക്കുന്ന ശബ്ദരേഖ മംഗളം ടെലിവിഷന്‍ കഴിഞ്ഞ 26നു പുറത്തുവിട്ടിരുന്നു. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതരും പീഡിതരുമാകുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഒരു സ്ത്രീയോട് എങ്ങനെ പെരുമാറുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു അത്. ഒരു ഭരണാധികാരി എങ്ങനെ പെരുമാറിക്കൂടാ എന്നതിന്റെ ഉദാഹരണവും. എന്തുവേണമെങ്കിലും ചെയ്തുതരാമെന്നു പറയുന്ന മന്ത്രി ചെയ്തതു സത്യപ്രതിജ്ഞാലംഘനമാണെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു മാധ്യമങ്ങള്‍ അതു ചര്‍ച്ചയാക്കിയില്ല. പകരം, മംഗളത്തെ കുരിശിലേറ്റാനാണു ശ്രമിച്ചത്. എന്നാല്‍, നടന്നതെന്തെന്ന് ബോധ്യമുള്ള മന്ത്രി രാജിവച്ചു. പിന്നിടുണ്ടായത് മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഏറ്റവും വലിയ ഗൂഢാലോചനയായിരുന്നു.

തങ്ങളേക്കാള്‍ ഉയരെ മംഗളം എത്തുമെന്ന് ബോധ്യപ്പെട്ട മറ്റു ചാനലുകള്‍ എതിര്‍പ്രചാരണം ഏറ്റെടുത്തു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി മാധ്യമപ്രവര്‍ത്തക ഡി.ജി.പിക്കു നല്‍കിയ പരാതിപോലും ഉന്നതര്‍ ഇടപെട്ട് മുക്കി. ഈ കേസില്‍ ഏറ്റവും കൂടുതല്‍ കുറ്റാരോപിതനായ എ.കെ.ശശീന്ദ്രന്റെ മൊഴി പോലും രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ല. ശശീന്ദ്രനുമായി സംസാരിച്ച യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയില്ല. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം അനുസരിച്ച മംഗളത്തിന്റെ മാധ്യമ പ്രവര്‍ത്തകരെ ആസൂത്രിതമായി കുടുക്കാനാണു പോലീസ് ശ്രമിച്ചത്.

വാര്‍ത്ത പുറത്തുവിട്ടപശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരായപ്പോഴാണു മംഗളം സി.ഇ.ഒ: ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതുപേരാണ് അന്വേഷണസംഘത്തിനു മുന്നില്‍ തെളിവെടുപ്പിനായി ഹാജരായത്. ചോദ്യം ചെയ്തശേഷം നാലുപേരെ വിട്ടയച്ചു.

ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ മന്ത്രിയുടെ സ്ത്രീവിരുദ്ധ ചെയ്തികളും സ്വഭാവദൂഷ്യങ്ങളും ഉള്‍പ്പടെ പുറത്തുവന്നിരുന്നെങ്കിലും അതൊന്നു പരിഗണിക്കാതെ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മാത്രം പോലീസ് നടപടിയെടുക്കുകയായിരുന്നു. ഇതിനു മുമ്പു ദൃശ്യമാധ്യമങ്ങള്‍ നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണിതന്നെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തരുടെ അറസ്റ്റിനു നേതൃത്വം നല്‍കിയത്.

ധികാരസ്ഥാനത്തിരിക്കുന്ന മന്ത്രി തന്നെ സമീപിച്ച യുവതിയോടു നടത്തിയ അശഌലസംഭാഷണത്തിന്റെ പേരില്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നവര്‍ വേട്ടയാടപ്പെടുന്ന സംഭവം സമാനതകളില്ലാത്തത്.

മന്ത്രിയുടെ പാതാളത്തോളം താഴ്ന്ന ധാര്‍മികബോധത്തെ തുറന്നുകാട്ടിയ മംഗളം ടെലിവിഷനുമേലുള്ള ആക്രമണവും സംസ്ഥാനത്തെ മാധ്യമചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. മറ്റു വാര്‍ത്താചാനലുകള്‍ സംഘടിതമായി നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

തന്നെ സമീപിച്ച യുവതിയോടു ശശീന്ദ്രന്‍ പലതവണ നടത്തിയ അശ്ലീലസംഭാഷണങ്ങളുടെ ശബ്ദരേഖ സഹിതമാണ് സംപ്രേഷണം തുടങ്ങിയ മാര്‍ച്ച് 26ന് തന്നെ മംഗളം ടിവി കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചത്. പുറത്തുവന്ന വഷളത്തരം നിഷേധിക്കാന്‍ പോലും തയാറാകാതെ ശശീന്ദ്രന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കുകയായിരുന്നു. പുറത്തുവിട്ട ആദ്യശബ്ദരേഖ മൂന്നു മിനിറ്റും രണ്ടാമത്തേതു നാലര മിനിറ്റുമായിരുന്നു. താന്‍ ഗോവയിലാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതാണെന്നും പറഞ്ഞ് തുടങ്ങിയ സംഭാഷണം ക്രമേണ അശ്ലീലത്തിലേക്കു വഴുതിവീണതോടെ രാഷ്ട്രീയകേരളം ഇളകിമറിഞ്ഞു.

സംഭവം നിഷേധിക്കാതെ മണിക്കൂറുകള്‍ക്കകം മന്ത്രി രാജിവച്ചു. ഇതോടെ വാര്‍ത്തയ്‌ക്കൊപ്പം നില്‍ക്കേണ്ട മറ്റുമാധ്യമങ്ങള്‍ മംഗളം ചാനലിനു നേര്‍ക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് മാധ്യമലോകത്ത് അതേവരെ കണ്ടിട്ടില്ലാത്ത വളഞ്ഞിട്ട ആക്രമണമാണ് മംഗളം ടെലിവിഷനുനേര്‍ക്കുണ്ടായത്. തുടക്കംകുറിച്ച ദിവസംതന്നെ മംഗളം ചാനലിനെ മുളയിലേ നുള്ളണമെന്ന വാശിയില്‍ മറ്റുചാനലുകള്‍ അശഌല ഫോണ്‍വിളി നടത്തിയ ശശീന്ദ്രനെ അനുകൂലിച്ച് തെറ്റിനെ നിസാരവല്‍ക്കരിച്ച് കൂട്ടആക്രമണം നടത്തുകയായിരുന്നു. മാധ്യമമര്യാദ മറന്ന അവര്‍ സ്വന്തം പൂര്‍വകാലചെയ്തികള്‍ പോലും സൗകര്യപൂര്‍വം മറക്കുകയും മന്ത്രിയുടെ ചാപല്യത്തെ ഉഭയകക്ഷി സമ്മതമെന്നും സ്വകാര്യതയുടെ ലംഘനമെന്നും പറഞ്ഞു വെള്ളപൂശാന്‍ ശ്രമിക്കുന്ന അവസരവാദപത്രപ്രവര്‍ത്തനത്തിനും രാഷ്ട്രീയകേരളം സാക്ഷ്യംവഹിച്ചു.

Top