പിതൃസഹോദര പുത്രനെ പോലും കൂടെ നിര്‍ത്താന്‍ കഴിയാതെ രാഹുല്‍ ഗാന്ധി . . .

രുണ്‍ഗാന്ധിക്കും മാതാവ് മനേക ഗാന്ധിക്കും സീറ്റു നല്‍കിയത് വഴി നെഹ്‌റു കുടുംബത്തിന്റെ ഒത്തുചേരലിനുള്ള വഴിയാണ് ബിജെപി അടച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒതുക്കപ്പെട്ട വരുണ്‍ഗാന്ധിക്ക് ബി.ജെ.പി സീറ്റു നിഷേധിക്കുമെന്നായിരുന്നു പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

വരുണിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള കരുനീക്കം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കയും ചേര്‍ന്നാണ് നടത്തിയിരുന്നത്. ഇത് മണത്തറിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇടപെട്ട് വരുണിന് മാതാവ് മനേകയുടെ മണ്ഡലമായ പിലിബിത്തിലും മനേക ഗാന്ധിക്ക് വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പൂരിലും സീറ്റ് അനുവദിച്ചത്.

രാജ്‌നാഥ് സിങ് ബി.ജെ.പി അധ്യക്ഷനായിരിക്കെ ദേശീയ ജനറല്‍ സെക്രട്ടറിയായി നേതൃനിരയിലായിരുന്നു വരുണ്‍. എന്നാല്‍ പിന്നീട് മുഖ്യധാരയില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു.

2009തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നിമത്സരത്തില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നും മത്സരിച്ചവരില്‍ ഏറ്റവും മികച്ച ഭൂരിപക്ഷത്തിനാണ് വരുണ്‍ പിലിബിത്തില്‍ നിന്നും ബി.ജെ.പി എം.പിയായി വിജയിച്ചത്. 2,81,501 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷം വരുണ്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി വി.എം സിങ് അടക്കമുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശുപോലും നഷ്ടമായ നാണംകെട്ട പരാജയമായിരുന്നു.

2014ല്‍ സുല്‍ത്താന്‍പൂരില്‍ നിന്നും വിജയിച്ചു. സഞ്ജയ് ഗാന്ധിയുടെ മകന്‍ എന്ന പ്രതിഛായയാണ് സുല്‍ത്താന്‍പൂരിലും പിലിബിത്തിലും വരുണിന് തുണയായത്. എം.പി ഫണ്ട്പൂര്‍ണ്ണമായും വിനിയോഗിക്കുകയും വികസനത്തില്‍ ശ്രദ്ധനല്‍കുകയും ചെയ്യുന്ന എം.പിയെന്ന നിലയിലും വരുണ്‍ മികവ് തെളിയിച്ചിരുന്നു. കോളമിസ്റ്റ്, കവി എന്ന നിലയിലും കഴിവുതെളിയിച്ചിട്ടുണ്ട്.

രാഷ്ട്രീയ വിയോജിപ്പിനിടയിലും പിതൃസഹോദരനായ രാജീവ് ഗാന്ധിയുടെ മക്കളായ രാഹുലും പ്രിയങ്കയുമായി വരുണ്‍ സൗഹൃദം സൂക്ഷിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ നിഴലായി നിന്ന മകന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ സഞ്ജയിന്റെ ഭാര്യ മനേക ഗാന്ധി നെഹ്‌റുകുടുംബത്തിനെതിരായാണ് നിലയുറപ്പിച്ചത്. മനേക ഗാന്ധി ഇപ്പോള്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും മകനായ വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമാണ്.

maneka gandhi

നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ കൈവെള്ളയിലായിരുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നാമാവശേഷമായ അവസ്ഥയിലാണിപ്പോള്‍. എന്നും ഗാന്ധികുടുംബവുമായി ഹൃദയബന്ധം സൂക്ഷിക്കുന്നവരാണ് യു.പിയിലെ വോട്ടര്‍മാര്‍. ജാതി, മതരാഷ്ട്രീയം കളംപിടിച്ചപ്പോഴാണ് കോണ്‍ഗ്രസ് പിന്നിലായത്. എങ്കിലും രാഹുല്‍ഗാന്ധി പ്രധാന പ്രചാരകനായപ്പോള്‍ തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് 2009തില്‍ 21 സീറ്റുമായി മിന്നുന്ന മുന്നേറ്റം കാഴ്ചവെച്ചിരുന്നു.

എന്നാല്‍ 2014ല്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടായപ്പോള്‍ പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വന്നു. വിട്ടുവീഴ്ചകള്‍ നടത്തിയ കോണ്‍ഗ്രസിന് രാഹുല്‍ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ്ബറേലിയിലും മാത്രമേ വിജയിക്കാനായുള്ളൂ. രാമക്ഷേത്രനിര്‍മാണം മുഖ്യപ്രചരണായുധമാക്കിയ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്ന ദളും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 73 സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമായി മത്സരിച്ച സമാജ് വാദി പാര്‍ട്ടി അഞ്ച് സീറ്റിലേക്കു ഒതുങ്ങിയപ്പോള്‍ മായാവതിയുടെ ബി.എസ്.പി ഒറ്റ സീറ്റുപോലും നേടാനാവാതെ സംപൂജ്യ പരാജയമായിരുന്നു.

ഇത്തവണ ബി.എസ്.പിയും എസ്.പിയും സഖ്യമായി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് തനിച്ചാണ് പോരാടുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യു.പിയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരക. വോട്ടര്‍മാര്‍ സ്പനം കണ്ട നെഹ്‌റു കുടുംബത്തിന്റെ ഒത്തുചേരലിനും രാഹുല്‍-പ്രിയങ്ക-വരുണ്‍ കൂട്ടുകെട്ടും ഇത്തവണ യു.പിയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ പരസ്പര സ്‌നേഹവും സൗഹൃദവും സൂക്ഷിക്കുന്ന വരുണും രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പരസ്യ ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്നാണ് സൂചന. വരുണിന്റെ മണ്ഡലത്തില്‍ പ്രചരണത്തിന് രാഹുലും പ്രിയങ്കയും എത്താന്‍ സാധ്യതയില്ല.

Top