മാംസാഹാരം ശരീരത്തെ രോഗങ്ങള്‍ക്ക്‌ അടിമയാക്കുമെന്ന്‌ മനേക ഗാന്ധി

maneka ghandi

ന്യൂഡല്‍ഹി: മാംസാഹാരം ഒഴിവാക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.

മാംസം കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും, പക്ഷെ ആരും ഇത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്നും മനേകാ ഗാന്ധി പറഞ്ഞു.

എന്നാല്‍ ആദ്യം മാംസം കഴിക്കുകയും പിന്നീട് മാംസം നിങ്ങളെ കഴിക്കുമെന്നുമുള്ള കാര്യം എല്ലാവരും ഓര്‍ക്കണമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

മായങ്ക് ജെയിന്‍ സംവിധാനം ചെയ്യുന്ന എവിഡന്‍സ്മീറ്റ് കില്‍സ് എന്ന സിനിമയുടെ ചിത്രീകരണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു മനേക.

മനുഷ്യന്‍ സസ്യഭുക്കാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചതാണ്. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും പച്ചക്കറികള്‍ക്ക് അനുയോജ്യമായതാണ്. എന്നാല്‍ മനുഷ്യന്റെ മാംസ ഉപയോഗം മനുഷ്യനെ വലിയ രോഗിയാക്കി തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മനേക വ്യക്തമാക്കി.

മാംസ ഉപയോഗം കൊണ്ട് മരണമൊന്നും സംഭവിക്കില്ലെന്നും, പക്ഷെ ഓരോ ദിവസം കഴിയുന്തോറും ശരീരം രോഗത്തിന് അടിമപ്പെടുമെന്നും ക്ഷീണിക്കുമെന്നും മന്ത്രി പറഞ്ഞു.

പൗള്‍ട്രി ഫാമുകളില്‍ മൃഗങ്ങളെ നന്നായി വളര്‍ത്താന്‍ പല തരത്തിലുള്ള ഹോര്‍മോണുകളും, ഗുളികകളും ഉപയോഗിക്കുന്നുണ്ടെന്നും, ഇത് മനുഷ്യ ശരീരത്തിന് യോജ്യമാണെന്ന് തെളിയിച്ചിട്ടില്ലെന്നും, ഇത്തരം മാസം കഴിക്കുന്നതിലൂടെ ഈ ഹോര്‍മോണുകളും ഗുളികകളും മനുഷ്യ ശരീരത്തില്‍ അറിയാതെ എത്തുകയാണെന്ന കാര്യം മറക്കരുതെന്നും മനേക ഗാന്ധി ചൂണ്ടിക്കാട്ടി.

Top