സ്പീക്കർ സ്ഥാനത്തെ ചൊല്ലിയും പോര്, മനേക ഗാന്ധിയും ശിവസേനയും രംഗത്ത്

maneka ghandi

ന്യൂഡല്‍ഹി: മന്ത്രിസഭയിലേക്ക് വഴിയടഞ്ഞതോടെ സ്പീക്കര്‍ സ്ഥാനം ഉറപ്പിക്കാന്‍ മനേക ഗാന്ധി രംഗത്ത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആവശ്യം ഉന്നയിച്ച് ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.

മോദിയുടെ ആദ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന സുമിത്ര മഹാജന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുപോലും നല്‍കാതെയാണ് ഒതുക്കിയത്. എട്ടു തവണ ലോക്‌സഭാംഗമായ സീനിയോറിറ്റി ചൂണ്ടിക്കാട്ടിയാണ് മനേക ഗാന്ധി സ്പീക്കര്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. ഇതില്‍ അഞ്ചു തവണ കേന്ദ്ര മന്ത്രിയുമായിരുന്നു.

വാജ്‌പേയി മന്ത്രിസഭയിലും ആദ്യ മോദി മന്ത്രിസഭയിലും കേന്ദ്ര മന്ത്രിയായിരുന്ന മനേകക്ക് മോഡിയുടെ രണ്ടാമൂഴത്തില്‍ മന്ത്രി സ്ഥാനം നിഷേധിച്ചിരുന്നു. മനേകയും മകന്‍ വരുണ്‍ ഗാന്ധിയും ബി.ജെ.പി എം.പിമാരാണ്. നെഹ്‌റു കുടുംബാംഗങ്ങളെന്ന നിലയിലാണ് മനേകക്കും മകന്‍ വരുണിനും ബി.ജെ.പി മികച്ച പരിഗണ നല്‍കിയിരുന്നത്. ബി.ജെ.പിയിലെത്തും മുമ്പ് ജനതാദളിലായിരുന്നു മനേക ഗാന്ധി.

ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ഭാര്യയായ മനേകയെ സോണിയ ഗാന്ധിയെ എതിര്‍ക്കാനാണ് ബി.ജെ.പി രംഗത്തിറക്കിയത്. സോണിയയുടെ മകന്‍ രാഹുല്‍ ഗാന്ധിയും രാഷ്ട്രീയത്തിലിറങ്ങിയതോടെ മനേക മകന്‍ വരുണിനെയും രാഷ്ട്രീയത്തിലെത്തിച്ച് ബി.ജെ.പി എം.പിയാക്കി.

രാജ്‌നാഥ് സിങ് ബി.ജെ.പി അധ്യക്ഷനായപ്പോള്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായി വരുണ്‍ ഗാന്ധിയെ ഉയര്‍ത്തികൊണ്ടുവന്നിരുന്നു. എന്നാല്‍ രാജ്‌നാഥ് സിങ് മാറി അമിത്ഷാ എത്തിയതോടെ വരുണിന് ബി.ജെ.പി ദേശീയ നേതൃനിരയില്‍ ഇടം ലഭിച്ചില്ല. ഇത്തവണ വരുണിന് ബി.ജെ.പി സീറ്റ് നിഷേധിക്കുമെന്ന സൂചനയുണ്ടായിരുന്നു.

വരുണ്‍ ഗാന്ധി രാഹുലും പ്രിയങ്കയുമായി ചര്‍ച്ചയും നടത്തിയിരുന്നു. നെഹ്‌റു കുടുംബം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ മനേക ഗാന്ധി കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നെങ്കിലും മനേക ഇപ്പോള്‍ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്ഥരുടെ പട്ടികയിലില്ല. മനേകക്കു പിന്നാലെ ഏഴു തവണ എം.പിയായ മധ്യപ്രദേശില്‍ നിന്നുള്ള വീരേന്ദ്രകുമാര്‍, കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ആറു തവണ പാര്‍ലമെന്റംഗമായ എസ്.എസ് അഹ്‌ലുവാലിയ എന്നിവരും സ്പീക്കര്‍ സ്ഥാനത്ത് കണ്ണുംനട്ടിരിക്കുകയാണ്.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷിയായ ശിവസേനക്കാണ് നല്‍കിയിരുന്നത്. ബി.ജെ.പി തനിച്ച് കേവല ഭൂരിപക്ഷം നേടിയപ്പോള്‍ കഴിഞ്ഞ സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ശിവസേനയെ പരിഗണിച്ചില്ല. എ.ഐ.എ.ഡി.എം.കെയിലെ എ. തമ്പിദുരൈക്കായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം.

രാജ്യസഭയില്‍ ന്യൂനപക്ഷമായ മോദി സര്‍ക്കാര്‍ എ.ഐ.എ.ഡി.എം.കെയുടെ പിന്തുണനേടാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്ന കീഴ്‌വഴക്കമുണ്ടെങ്കിലും ബി.ജെ.പി അത് പാലിക്കാനിടയില്ല.

വാജ്‌പേയിയുടെ ബി.ജെ.പി സര്‍ക്കാരിനെ താഴെ ഇറക്കി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇടതു പിന്തുണയോടെ അധികാരമേറ്റപ്പോള്‍ സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജിയായിരുന്നു സ്പീക്കര്‍. രണ്ടാം യു.പി.എ സര്‍ക്കാരില്‍ കുമാരി മീനകുമാറും സ്പീക്കറായി.

Political Reporter

Top