ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; പമ്പയിലടക്കം നിയന്ത്രണം, സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക്

പത്തനംത്തിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക ശേഷം താത്കാലികമായി നടയടക്കും. ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ഇന്നലെ രാത്രിയോടെ തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിയിരുന്നു.

അതേസമയം സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വന്‍ തിരക്കണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയത്. തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിനു ശേഷം എത്രയും വേഗം സന്നിധാനം വിട്ടുപോകണമെന്ന് നിരന്തരം അനൗണ്‍സ് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

ശബരിമലയില്‍ ഇക്കുറി നടവരവ് 204.30 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വര്‍ഷം 222.98 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ 18 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

Top