ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് ബേണ്‍ലി തോൽവി ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു കയറിയത്. 71-ാം മിനിറ്റിൽ സൂപ്പര്‍ താരം പോള്‍ പോഗ്ബയാണ് ടീമിനായി വിജയഗോള്‍ നേടിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പാസ് സ്വീകരിച്ച പോഗ്ബ ബോക്‌സിനകത്തുവെച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ബേണ്‍ലിയുടെ വല കുലുക്കിയത്. ഇതോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഈ സീസണില്‍ ഇതാദ്യമായാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതെത്തിയത്.

സീസണ്‍ തുടങ്ങിയപ്പോള്‍ സമനിലകളും തോല്‍വികളുമായി ടീം 15-ാം സ്ഥാനത്തുവരെ എത്തിയിരുന്നു. അവിടെ നിന്നും അവിശ്വസനീയമായാണ് ടീമിന്റെ ഈ തിരിച്ചുവരവ്. പ്രീമിയര്‍ ലീഗിലെ അവസാന 11 മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടണ്‍ വോള്‍വ്‌സിനെയും ഷെഫീല്‍ഡ് യുണൈറ്റഡ് ന്യൂകാസിലിനെയും പരാജയപ്പെടുത്തി. 18 മത്സരങ്ങളില്‍ നിന്നും ഷെഫീല്‍ഡ് യുണൈറ്റഡ് നേടിയ ആദ്യ വിജയമാണിത്. പോയന്റ് പട്ടികയില്‍ യുണൈറ്റഡ് ഒന്നാമതെത്തിയപ്പോള്‍ ലിവര്‍പൂള്‍ രണ്ടാമതും ലെസ്റ്റര്‍ മൂന്നാമതും തുടരുന്നു. എവര്‍ട്ടണും ടോട്ടനവുമാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

Top